കെവി​ൻ കേസ്​: പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: പ്രണയ​ വിവാഹത്തെ തുടർന്ന്​​ കെവിനെ തട്ടിക്കൊണ്ടുപോകാൻ വന്നവരിൽനിന്ന‌് പണം വാങ്ങിയെന്ന കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്​. ഗാന്ധിനഗര്‍ പൊലീസ് സ്​റ്റേഷനിലെ എ.എസ്​.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക്​ ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്​​​ സർക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്​​. തട്ടിക്കൊണ്ടു പോകലിനിരയായ കെവിനെ പിന്നീട്​ മരിച്ച നിലയിൽ കണ്ടതോടെ ജാമ്യം അനുവദിച്ച നടപടി വിവാദത്തിലായിരുന്നു. ഇൗ പശ്ചാത്തലത്തിലാണ്​ സർക്കാർ ഹൈകോടതിയെ സമീപിച്ചത്​.

കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസിലെ പ്രധാന പ്രതിയും കെവിൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ സഹോദരനുമായ ഷാനു അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോകൽ നടക്കുന്നതിനുമുമ്പ‌് കോട്ടയത്ത‌് വാഹനപരിശോധനക്കിടെ പൊലീസ‌് തടഞ്ഞിരുന്നു. പ്രതികളായ പൊലീസുകാർ ഇവരിൽനിന്ന്​ 2000 രൂപ കൈക്കൂലിവാങ്ങിയശേഷം വിടുകയായിരുന്നെന്നാണ‌് കേസ‌്. ഇവരെ അറസ്​റ്റ്​ ചെയ്​ത ശേഷം ജാമ്യം നൽകുന്നതിനെ എതിർത്തും കൂടുതൽ അന്വേഷണത്തിന്​ കസ്​റ്റഡിയിൽ ആവശ്യപ്പെട്ടുമാണ്​ അന്വേഷണ സംഘം ജൂൺ രണ്ടിന്​ മജിസ്​ട്രേറ്റ്​ മുമ്പാകെ ഹാജരാക്കിയത്​. എന്നാൽ, ഇരുവർക്കും കോടതി ​ജാമ്യം അനുവദിക്കുകയായിരുന്നു. 

പ്രതികൾക്ക്​ ജാമ്യം ലഭിച്ചത്​ അന്വേഷണവുമായി ബന്ധപ്പെട്ട മുൻവിധിക്കിടയാക്കിയെന്നും അന്വേഷണത്തെ ബാധിച്ചുവെന്നും സർക്കാർ സമർപ്പിച്ച ഹരജിയിൽ പറയുന്നു. കെവിൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഗൗരവതരമായ കുറ്റകൃത്യത്തിൽ പൊലീസുകാരായ രണ്ട്​ പ്രതികള​ുടെയും പങ്കാളിത്തം വ്യക്​തമാണ്​. പ്രസക്​ത കാര്യങ്ങൾ പരിഗണിക്കുകയോ കേസ്​ ഡയറി പോലും പരിശോധിക്കുകയോ ചെയ്യാതെയാണ്​​ മജിസ്​ട്രേറ്റ്​ ജാമ്യം അനുവദിച്ചിരിക്കുന്നത്​. അന്വേഷണം പാതിവഴിയിലാണ്​. കൈക്കൂലി പണം കണ്ടെത്താനും സാക്ഷിമൊഴികൾ രേഖപ്പെടുത്താനുമുണ്ട്​. ഇൗ സാഹചര്യത്തിൽ പ്രതികളുടെ കസ്​റ്റഡി അനിവാര്യമാണ്​. അതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - kevin murder case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.