കേരളം വഴിയൊരുക്കി; കൊച്ചിയിൽ നിന്നും ഹൃദയം കോഴിക്കോട്ടെത്തിച്ചു

കോഴിക്കോട്: എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്‍റർനാഷണല്‍ ആശുപത്രിയിൽ സുരക്ഷിതമായെത്തിച്ചു. 4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമാണ് എടുത്തത്. ആംബുലൻസിന് വഴിയൊരുക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് ഉൾപ്പെടെ അഭ്യർഥിച്ചിരുന്നു. സമൂഹമാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ വൈകുന്നേരത്തിന്‍റെ തിരക്കുകൾക്കിടയിലും ഹൃദയം സുരക്ഷിതമായെത്തി.

രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്‍റെ (25) ഹൃദയമാണ് മെട്രോ ഇന്‍റർനാഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അവയവദാന പ്രക്രിയക്കും യാത്രക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിരുന്നു.

ഫ്രാന്‍സില്‍ അക്കൗണ്ടിങ്​ മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ വീട്ടിൽ ഓണ്‍ലൈനിലായിരുന്നു പഠനം. സെപ്റ്റംബർ 16നാണ് നേവിസിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ച നേവിസിന്‍റെ ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. സാജന്‍ മാത്യുവാണ്​ നേവിസിന്‍റെ പിതാവ്​. മാതാവ്​: ഷെറിൻ. സഹോദരങ്ങൾ: എല്‍വിസ്, വിസ്​മയ​. 

കണ്ണൂർ സ്വദേശിയായ 59കാരനാണ് ഹൃദ‍യം സ്വീകരിക്കുക. ഇതിനായുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 

Tags:    
News Summary - keralites make the way heart was brought to Kozhikode from Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.