കൊലയുടെ വേഗം കൂടി; അസഹിഷ്ണുതയുടെയും

കണ്ണൂര്‍: എ.കെ.ജി മുതല്‍ സുകുമാര്‍ അഴീക്കോട് വരെയുള്ള തലയെടുപ്പുള്ള രാഷ്ട്രീയ-സാംസ്കാരിക നായകരെ സംഭാവനചെയ്ത കണ്ണൂരിന്‍െറ രാഷ്ട്രീയ ഭൂമികയും മാറ്റത്തിന്‍െറ ഗതിവേഗത്തിലാണിപ്പോള്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പുകള്‍പെറ്റ മണ്ണില്‍ പണ്ട്  പ്രതികാരത്തിന് രണ്ടും മൂന്നും വര്‍ഷത്തിന്‍െറ അകലമുണ്ടായിരുന്നെങ്കില്‍ ഇന്നത് രണ്ടും മൂന്നും മിനിറ്റുകളിലേക്ക് ചുരുങ്ങി.


സംഘടിത തൊഴിലാളിവര്‍ഗത്തെ വാര്‍ത്തെടുത്ത സമരവേദികളില്‍ ചിലതിന് കാലം തിരശ്ശീലയിട്ടു. മറ്റു ചിലതിന് രൂപപരിണാമം സംഭവിച്ചു. പരിപ്പുവട-കട്ടന്‍ചായ എന്ന പേരെടുത്ത ലാളിത്യം ഇപ്പോള്‍ പഥ്യമല്ളെന്ന് നേതാക്കള്‍തന്നെ മൊഴിനല്‍കിത്തുടങ്ങി. എല്ലാ പാര്‍ട്ടികളുടെയും രക്തസാക്ഷികളുടെ എണ്ണത്തില്‍ കണ്ണൂര്‍ ജില്ലയായിരിക്കും ഒന്നാമത്. ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ അണിനിരത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ആദ്യ രക്തസാക്ഷി മുളിയില്‍ ചാത്തുക്കുട്ടിയാണ്. 1940ല്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റായിരുന്നു ചാത്തുക്കുട്ടിയുടെ രക്തസാക്ഷിത്വം. എന്നാല്‍, കേരളപ്പിറവിക്കുശേഷം ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷിയായത് 1962ല്‍ പാനൂരില്‍ ആദ്യമായി ചെങ്കൊടി നാട്ടിയ വി.എം. കൃഷ്ണനാണ്. രണ്ടാമതൊരു കമ്യൂണിസ്റ്റുകാരന്‍ രാഷ്ട്രീയമായി കൊല്ലപ്പെടുന്നത് 1967ല്‍ സി.പി. കരുണാകരനാണ്. പക്ഷേ, ഇന്നതിന്‍െറ വേഗം കൂടി. ‘സ്കോറിങ്’ കൊലയുടെ മാത്രം പട്ടിക കേരളപ്പിറവിക്കുശേഷം ഇതുവരെ 250ലത്തെും.


പാനൂരില്‍ ഒരു കമ്യൂണിസ്റ്റ് പൊതുയോഗത്തിലെ ആത്മസംയമനത്തെക്കുറിച്ച് പി.ആര്‍. കുറുപ്പിന്‍െറ ആത്മകഥയില്‍ പറയുന്നുണ്ട്. 1946 മാര്‍ച്ചില്‍ എ.കെ.ജി പ്രസംഗിച്ച പൊതുയോഗത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എമ്പ്രാന്‍ അനന്തന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം കുറെ ചോദ്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുചോദിച്ചു. പിന്നെ ബഹളമായി. പക്ഷേ, എ.കെ.ജി പൊതുയോഗം പിരിച്ചുവിടുകയായിരുന്നു. കണ്ണൂരിന്‍െറ ഇന്നത്തെ നിലയനുസരിച്ചാണ് പ്രതികരണമെങ്കില്‍ അവിടെ ഒന്നോ രണ്ടോ രക്തസാക്ഷികള്‍ പിറന്നേനെ! അന്ന് ഈ അനുഭവത്തിന് എ.കെ.ജി നല്‍കിയ ‘വരമ്പത്തെ കൂലി’ പാനൂരില്‍ വീണ്ടുമൊരു പൊതുയോഗം വിളിച്ചുചേര്‍ക്കലായിരുന്നു.

ഒരു അനിഷ്ട സംഭവവുമില്ലാതെ എ.കെ.ജി രണ്ടാമത്തെ പൊതുയോഗത്തില്‍ പൂര്‍ണമായും പ്രസംഗിച്ചു. അതാവട്ടെ സോഷ്യലിസ്റ്റുകളിലും കോണ്‍ഗ്രസിനുള്ളിലും പടലപ്പിണക്കമായി. പിന്നെയത് പാര്‍ട്ടിയുടെ വളര്‍ച്ചയിലാണ് കലാശിച്ചത്.   താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപരിസരത്ത് പ്രവേശനം നിഷേധിച്ചിരുന്ന പയ്യന്നൂര്‍ കണ്ടോത്ത് കേന്ദ്രീകരിച്ച് കേളപ്പനും എ.കെ.ജിയും ഹരിജനങ്ങളെയും കൂട്ടി ഘോഷയാത്ര നടത്തിയൊരു സമരചരിത്രമുണ്ട് കണ്ണൂരിന്. എ.കെ.ജിയെ ക്ഷേത്രാനുകൂല മേല്‍ജാതിക്കാര്‍ തല്ലിച്ചതക്കുകയായിരുന്നു.

അതേ ജില്ലയില്‍ ഇന്ന് എതിര്‍ പാര്‍ട്ടിക്കാരന് ശ്വാസം പിടിച്ച് കടന്നുപോകേണ്ട പാര്‍ട്ടി ഗ്രാമങ്ങളുണ്ടായി. മദിരാശി സര്‍ക്കാറിനെതിരായ പട്ടിണിജാഥക്ക് തുടക്കം കുറിച്ചത് കണ്ണൂരിലാണ്. കര്‍ഷകന്‍െറ സമരവീര്യം ഉച്ചത്തില്‍ വിളിച്ചുപറയുന്ന നിരവധി സമരങ്ങള്‍ക്കും ജില്ല സാക്ഷ്യംവഹിച്ചു.


എന്നാല്‍, ആദ്യത്തെ ജനകീയാസൂത്രണ പരീക്ഷണം നടത്തിയ കല്യാശ്ശേരിയില്‍പോലും നെല്‍വയലുകള്‍ നികത്തി മാര്‍ബിള്‍ കമ്പനികളുടെ ‘ഗോഡൗണുകള്‍’ തലപൊക്കി. കേരള ദിനേശ് ബീഡിയില്‍ ബീഡിത്തൊഴിലാളികളുടെ എണ്ണം 42,000ത്തില്‍നിന്ന് നാലായിരമായി ചുരുങ്ങി.

പാര്‍ട്ടികളുടെ ഭൗതിക സന്നാഹങ്ങളും പാര്‍ട്ടി ഓഫിസുകളുടെ എണ്ണവും പെരുകി. മലബാറിലെ സംഘടിത ട്രേഡ് യൂനിയന്‍ രൂപംകൊണ്ട ആറോണ്‍ മില്‍ ഇന്ന് ഇവിടെയില്ല. എ.കെ.ജി നിത്യേന സന്ദര്‍ശിച്ചിരുന്ന, 1932ല്‍ സ്ഥാപിതമായ താഴെചൊവ്വയിലെ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം ഇപ്പോഴും രൂപഭേദത്തോടെ നിലനില്‍ക്കുന്നു. സമരങ്ങളുടെയും ജാഥകളുടെയും പ്രയാണ കേന്ദ്രങ്ങളും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്‍െറ തിരുമുറ്റവുമായ ലൈബ്രറികളില്‍ ഇന്ന് ഒന്നുകില്‍ വായിക്കാന്‍ പുസ്തകങ്ങളില്ല. അല്ളെങ്കില്‍ വായിക്കപ്പെടാത്ത പുസ്തകങ്ങളേറെ.

Tags:    
News Summary - kerala@60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.