തിരുവനന്തപുരം: ഭാരതാംബയിൽ തുടങ്ങിയ കേരള സർവകലാശാല വൈസ് ചാൻസലർ - രജിസ്ട്രാർ പരസ്യ പോരിൽ തെരുവ് യുദ്ധത്തിന് ഇന്നലെ ഇടവേള. എന്നാൽ വി.സി -രജിസ്ട്രാർ ‘ഫയൽ പോരാട്ടം’ ശക്തമാവുകയും ചെയ്തു. വി.സി മോഹനൻ കുന്നുമ്മലിന്റെ പ്രവേശന വിലക്ക് ലംഘിച്ച് സർവകലാശാലയിലെത്തി ജോലി ചെയ്യുന്ന രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാർ അയച്ച ഫയലുകൾ വി.സി മടക്കി. വി.സി പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കിയ സിൻഡിക്കേറ്റിനൊപ്പം, ജീവനക്കാരുടെ സംഘടന നേതാക്കൾ ഇടപെട്ടാണ് ഫയലുകളയക്കാൻ രജിസ്ട്രാർക്ക് സംവിധാനം ഒരുക്കിയിരുന്നത്. ഈ നിലക്കയച്ച ഫയലുകളാണ് വി.സി മടക്കിയത്. സസ്പെൻഷനിലുള്ള രജിസ്ട്രാർക്ക് എങ്ങിനെയാണ് ഫയലുകളയക്കാനാവുക എന്ന കുറിപ്പോടെയാണ് ഇവ വി.സി മടക്കിയത്. അതേസമയം താൽക്കാലിക രജിസ്ട്രാറായി നിയോഗിച്ച മിനി കാപ്പൻ അയച്ച 25 ഫയലുകൾ വി.സി അംഗീകരിക്കുകയും ചെയ്തു.
അതിനിടെ, വി.സി -രജിസ്ട്രാർ പോരിൽ ചാൻസലർ കൂടിയായ ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങളെയെത്തിക്കുക ലക്ഷ്യമിട്ട് സിൻഡിക്കേറ്റിലെ ബി.ജെ.പി അംഗങ്ങൾ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സിൻഡിക്കേറ്റിന്റെ യോഗം അടിയന്തര വിളിച്ചുചേർക്കാനാവശ്യപ്പെട്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഒപ്പിട്ട കത്ത് വി.സിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.