ഡോ. സിസ തോമസ്, ഡോ. കെ.എസ്. അനിൽകുമാർ
തിരുവനന്തപുരം: വി.സിയും സിൻഡിക്കറ്റും തമ്മിൽ പോര് തുടരുന്ന കേരള സർവകലാശാലയിൽ രജിസ്ട്രാറുടെ ചുമതലയിൽ തിരിച്ചുവന്നെന്ന് ഡോ. കെ.എസ്. അനിൽകുമാർ. എന്നാൽ, ഇത് അംഗീകരിക്കാതെ മറ്റൊരാൾക്ക് രജിസ്ട്രാറുടെ ചുമതല നൽകിയിരിക്കുകയാണ് താൽക്കാലിക വി.സി ഡോ. സിസ തോമസ്. ഇതോടെ, വി.സിയും സിൻഡിക്കറ്റും തമ്മിലുള്ള തർക്കം മുറുകിയിരിക്കുകയാണ്.
രജിസ്ട്രാറെ താൻ സസ്പെൻഡ് ചെയ്തത് റദ്ദാക്കിയ സിൻഡിക്കേറ്റിന്‍റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സി സിസാ തോമസ്. സിൻഡിക്കറ്റിന്‍റെ തീരുമാനം പ്രകാരം ഇന്ന് രജിസ്ട്രാറായി കെ.എസ്. അനിൽകുമാർ വീണ്ടും ചുമതലയേറ്റെടുത്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരാൾക്ക് രജിസ്ട്രാറുടെ ചുമതല നൽകിയിരിക്കുകയാണ് സിസാ തോമസ്. മിനി കാപ്പനാണ് ചുമതല നൽകിയത്.
ഇന്നലെ പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന പ്രമേയത്തിന് വി.സിയുടെ ചുമതലയുള്ള ഡോ. സിസ തോമസ് അനുമതി നിഷേധിച്ചിരുന്നു. ഇത് തള്ളി സിൻഡിക്കേറ്റംഗങ്ങൾ പ്രമേയം അവതരിപ്പിച്ചതോടെ, യോഗം പിരിച്ചുവിടുന്നെന്ന് പ്രഖ്യാപിച്ച് വി.സി ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ച് സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തത്. സിൻഡിക്കേറ്റ് നിലപാടിന് ബലം പകരാൻ ഇന്നലെ വൈകീട്ട് തന്നെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സർവകലാശാല ഓഫിസിലെത്തിച്ച് ജോയിൻ ചെയ്യിക്കുകയും ചെയ്തു.
വി.സി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന ജോയന്റ് രജിസ്ട്രാർ പി. ഹരികുമാർ ഇന്നലെ സിൻഡിക്കേറ്റംഗങ്ങൾ തുടർന്ന് നടത്തിയ യോഗത്തിലും പങ്കെടുത്തിരുന്നു. ഇതിൽ ഇന്ന് വി.സി സിസ തോമസ് വിശദീകരണം തേടി. ഇതിന് പിന്നാലെ ഹരികുമാർ അവധിയിൽ പോയിരിക്കുകയാണ്. ഉടൻ തന്നെ ഹരികുമാറിനെ വി.സി ചുമതലകളിൽ നിന്ന് മാറ്റി. വി.സിയുടെ അനുമതിയില്ലാതെ പി. ഹരികുമാർ സസ്പെൻഷനിലായിരുന്ന രജിസ്ട്രാർക്ക് ചാർജ് കൈമാറിയെന്ന് കാണിച്ചാണ് നടപടി.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ച പരിപാടിയെ തുടർന്നാണ് കേരളയിൽ നിലവിലെ സംഭവവികാസങ്ങൾക്ക് തുടക്കമായത്. ഭാരതാംബ ചിത്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടി രജിസ്ട്രാർ കെ.എസ്. അനില്‍കുമാർ റദ്ദാക്കിയിരുന്നു. എന്നാൽ, ഈ നടപടിയെ തുടർന്ന് സിൻഡിക്കേറ്റിന്‍റെ അധികാരമുപയോഗിച്ച് വി.സി മോഹനൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനില്‍കുമാറിനെ സസ്പെൻഡ് ചെയ്തു. പിന്നാലെ, വി.സി മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിന് പോകുകയും പകരം ചുമതല ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി ഡോ. സിസ തോമസിന് നൽകുകയുമായിരുന്നു.
അതിനിടെ, കേരള സർവകലാശാലയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് താൽക്കാലിക വി.സി സിസാ തോമസിനോട് ആവശ്യപ്പെട്ടത്. ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്ന് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.