തിരുവനന്തപുരം: കേരള സർവകലാശാല സംസ്കൃത വിഭാഗത്തിലെ ‘ഗവേഷണ വിവാദം’ വൈസ് ചാൻസലർ സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വിട്ടു. ജാതി അധിക്ഷേപം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഗവേഷക വിദ്യാർഥി വി.സിക്ക് നൽകിയ പരാതിയും ഗവേഷക വിദ്യാർഥിക്ക് സംസ്കൃതത്തിൽ പി.എച്ച്.ഡി നൽകുന്നതിൽ വിയോജിപ്പ് അറിയിച്ച വകുപ്പ് മേധാവിയുടെ റിപ്പോർട്ടും പ്രബന്ധ പരിശോധകരുടെയും ഓപൺ ഡിഫൻസ് നടത്തിയ ചെയർമാന്റെയും റിപ്പോർട്ടും ഉൾപ്പെടെയാണ് സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വിട്ടത്.
പി.എച്ച്.ഡി നൽകുന്നത് സംബന്ധിച്ച് ഓപൺ ഡിഫൻസിൽ ചെയർമാനും ഡീനും വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർവകലാശാല ചട്ടങ്ങളിൽ വ്യക്തതയില്ലെന്നും വി.സിക്ക് യുക്തമായ തീരുമാനം കൈക്കൊള്ളാമെന്നുമുള്ള ഗവേഷണ ഡയറക്ടറുടെ കുറിപ്പും സിൻഡിക്കേറ്റിന്റെ പരിഗണനക്ക് നൽകിയിട്ടുണ്ട്.
എന്നാൽ, വകുപ്പ് മേധാവി ഡോ. സി.എൻ. വിജയകുമാരി ഗവേഷക വിദ്യാർഥി വിപിൻ വിജയനെതിരെ നടത്തിയതായി പറയുന്ന ജാതി അധിക്ഷേപത്തിൽ വൈസ് ചാൻസലർ നടപടിക്ക് തയാറായിട്ടില്ല. വകുപ്പ് മേധാവിയുടെ നീക്കത്തിൽ ദുരൂഹത നിലനിൽക്കുകയും ചെയ്യുന്നു. ഇതേ വകുപ്പ് മേധാവിക്ക് കീഴിലാണ് വിദ്യാർഥി നേരത്തെ എം.ഫിൽ പൂർത്തിയാക്കിയത്. ഓപൺ ഡിഫൻസിൽ കയറി ഗവേഷകന് സംസ്കൃതം അറിയില്ലെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച മേധാവി ഇതുസംബന്ധിച്ച് വി.സിക്ക് കത്തും നൽകുകയായിരുന്നു. സർവകലാശാല തലപ്പത്തുള്ള ചിലരുടെ ഒത്താശയോടെയാണ് ബി.ജെ.പി അനുകൂലിയായ അധ്യാപിക ഗവേഷകനെതിരായ നീക്കം നടത്തിയതെന്നും ആരോപണം ഉയർന്നിരുന്നു. വിഷയത്തിൽ സർവകലാശാല സിൻഡിക്കേറ്റിന്റെ നിലപാട് നിർണായകമാകും.
ഗവേഷക വിദ്യാർഥി ജാതി പീഡനം നേരിടുന്നുവെന്ന പരാതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വി.സിയോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തയാറാക്കാൻ വി.സി രജിസ്ട്രാറെ ചുമതലപ്പെടുത്തി. ജാതി അധിക്ഷേപം നടത്തിയതിന് ഗവേഷക വിദ്യാർഥി നൽകിയ പരാതിയിൽ വകുപ്പ് മേധാവി ഡോ. സി.എൻ. വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ വിജയകുമാരിയുടെ അറസ്റ്റ് വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.