കാര്‍ഷിക നിയമങ്ങൾക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

തൃശൂർ: കർഷകവിരുദ്ധമായ കാർഷിക നിയമങ്ങൾക്കെതിരെ കേരളം സുപ്രീംകോടതിയിൽ പോകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. നിയമങ്ങൾ കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കില്ലെന്നും ബദൽ നിയമനിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ രാജസ്ഥാൻ ഉൾപ്പെടെ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള കേസിൽ കേരളം കക്ഷി ചേരണോ, പുതിയ ഹരജി നൽകണോ എന്ന കാര്യം ആലോചിക്കും. ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനങ്ങൾക്ക് അധികാരമുള്ള കാര്യങ്ങളിൽ നിയമനിർമാണം നടത്തി നടപ്പാക്കണമെന്ന് പറയാൻ കേന്ദ്ര സർക്കാറിന് ഭരണഘടനാപരമായി അവകാശമില്ല. ഈ നിയമം നടപ്പാക്കിയാൽ സംസ്ഥാനങ്ങളിലെ കൃഷിവകുപ്പുകൾ തന്നെ അപ്രസക്തമാകും. 

ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ പോരാടുക എന്ന വഴി മാത്രമാണ് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരുടെ മുന്നിലുള്ളത്. അതുകൊണ്ടാണ് നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുന്നത്.

ഒരു വീടിന്‍റെ അടിത്തറയും ചുവരും തകർത്ത ശേഷം മേൽക്കൂര സംരക്ഷിക്കാം എന്ന തരത്തിലുള്ള വാഗ്ദാനമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ കർഷകർക്ക് നൽകുന്നത്. മണ്ണിന്‍റെ ഉടമസ്ഥാവകാശം കുത്തകകൾക്ക് നൽകുന്ന നിയമമാണിത്. കോർപറേറ്റ് ജന്മിത്വം നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കൃഷിഭൂമിയുടെ അധികാരം കുത്തകകളുടെ കൈയിൽ വരും. കൃഷി‍യുടെ സമ്പൂർണ സ്വകാര്യവത്കരണമാകും നടപ്പാകുക -മന്ത്രി പറഞ്ഞു. 

അരിയുടെയും പച്ചക്കറികളുടെയും ഭക്ഷ്യ എണ്ണകളുടെയും വില നിർണയിക്കുക കുത്തകകളാകും. വില നിർണയിക്കാനുള്ള സ്വാതന്ത്ര്യം സർക്കാറിന് നഷ്ടമാകും. മുമ്പ്, പെട്രോളിയം വില നിർണയാവകാശം കമ്പനികൾക്ക് നൽകിയപ്പോൾ പറഞ്ഞത് കുറഞ്ഞ വിലയിൽ ഇന്ധനം നൽകുമെന്നായിരുന്നു. എന്നാൽ, തോന്നിയ പോലെ വില വർധിപ്പിക്കുന്നതാണ് പിന്നീട് കണ്ടത് -മന്ത്രി പറഞ്ഞു.

ഈ നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചമർത്താനുള്ള ശ്രമമാണ്. ഇത് ഫെഡറൽ വ്യവസ്ഥക്ക് വിരുദ്ധമാണെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു.

സംസ്ഥാന കൃഷി വകുപ്പുകളെ തന്നെ ഇല്ലാതാക്കാനും ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകള്‍ക്ക് അനുസൃതമായി കാര്‍ഷിക ആസൂത്രണം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കാനും ശ്രമിക്കുന്നു. വിവിധ വിളകളെ അടിസ്ഥാനമാക്കി രൂപീകരിച്ചിട്ടുള്ള ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നു. നാളികേര വികസന ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, ടീ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരംഭിച്ചുകഴിഞ്ഞു.

ഡിസംബര്‍ മാസത്തോടുകൂടി അത്തരമൊരു ഉത്തരവ് കൂടി ഇറങ്ങുമെന്നാണ് സംസ്ഥാന സര്‍ക്കാരിന് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങളെ ഇല്ലാതാക്കാനും നീക്കം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.