തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് കമ്യൂണിസവും തീവ്ര വലതുപക്ഷവുമല്ല, വെറും പിണറായിസമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എന്തും ചെയ്യാൻ മടിക്കാത്ത അവസ്ഥയിലെത്തിച്ചത് പിണറായി വിജയനാണ്. അതിന് പരികർമിയായി ഗോവിന്ദൻ മാഷുമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ഗോവിന്ദൻ മാഷ് പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മുതലാളിമാർക്ക് എതിരാണെന്നും അവരുടെ ഉൽപന്നങ്ങൾ കെട്ടിക്കിടന്ന് അവർ വഴിയാധാരമാകുമെന്നുമാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഇത്തരം വ്യാഖ്യാനങ്ങൾ കൊടുത്ത് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാകരുതെന്നാണ് അദ്ദേഹത്തോട് പറയാനുള്ളത്.
ബ്രൂവറിയുടെയും കിഫ്ബി റോഡുകളിലെ ടോൾ പിരിവിലും യു.ഡി.എഫ് ഒരു വിട്ടുവീഴ്ചക്കുമില്ല. അടുത്ത തവണ അധികാരത്തിൽ വരേണ്ടതിനാലാണ് യു.ഡി.എഫ് ഇപ്പോൾ വെജിറ്റേറിയൻ സമരം നടത്തുന്നത്. പക്ഷേ, അവസാന ഒന്നരക്കൊല്ലം സർക്കാർ കടുംവെട്ട് വെട്ടാൻ നോക്കിയാൽ സമരം ചിലപ്പോൾ നോൺ വെജിറ്റേറിയനാകുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. എസ്.ടി.യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.