തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തിങ്കളാഴ്ച മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും. മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയുമാണ് രംഗത്തുള്ളത്.
‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ വീണ്ടും പുരസ്കാരത്തിനരികെ എത്തിച്ചത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്റെ പ്രകടനവും ‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ ആസിഫ് അലിയുടെ പ്രകടനവുമാണ് അവരെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്.
മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായാൽ, വിജയരാഘവന് സഹനടൻ അല്ലെങ്കിൽ പ്രത്യേക ജൂറി പുരസ്കാരം എന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കുമെന്നാണ് വിവരം.
ടൊവീനോ തോമസ് (എ.ആർ.എം), ഫഹദ് ഫാസിൽ (ആവേശം), നസ്ലിൻ (പ്രേമലു) എന്നിവരും മികച്ച അഭിനേതാക്കളുടെ ഫൈനൽ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അഭിനേത്രികളിൽ കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. അനശ്വര രാജൻ (രേഖാചിത്രം), ജ്യോതിർമയി (ബോഗെയ്ൻ വില്ല), ഫാത്തിമ ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), സുരഭി ലക്ഷ്മി (എ.ആർ.എം) എന്നിവരുമുണ്ട്.
മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മികച്ച സംവിധായകനായി ഫൈനൽ റൗണ്ടിൽ ഏഴുപേർ എത്തിയെന്നാണ് വിവരം. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.