സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സൗഹൃദ സംഭാഷണത്തിൽ
പാലക്കാട്: നാലു ദിവസമായി അരങ്ങേറുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട്ട് തുടക്കം. 57ാമത് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. അടുത്ത വർഷം മുതൽ ശാസ്ത്രോത്സവത്തിന് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്ന് ഉദ്ഘാടനവേദിയിൽ മന്ത്രി പ്രഖ്യാപിച്ചു.
ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് സാധനങ്ങൾ വാങ്ങാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. അടുത്ത വർഷം മുതൽ വിജയികൾക്ക് നൽകുന്ന കാഷ് പ്രൈസ് ഉയർത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പ്രാർഥനയിലെ ഏകീകരണം നടത്തുമെന്ന നിർദേശവും മന്ത്രി മുന്നോട്ടുവെച്ചു.
എല്ലാ സ്കൂളിലും ഒരുപോലെയുള്ള പ്രാർഥന ചൊല്ലണം. ചില മതസംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിന്റെ പ്രാർഥന നടക്കുന്നു. വിദ്യാർഥിയായതുകൊണ്ടു മാത്രം അത് പാടേണ്ടിവരുന്നു. പ്രാർഥനാഗാനം ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്ര ചിന്തയുള്ള, ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണമെന്നും അതിനെക്കുറിച്ചുള്ള ചര്‍ച്ച ഇവിടെ തുടങ്ങിവെക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സുവനീർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.