യു.ജി.സിയുടെ കരട് പാഠ്യപദ്ധതി ചട്ടക്കൂട് തള്ളി കേരളം

തിരുവനന്തപുരം: ഹിന്ദുത്വ, പുരാണ സങ്കൽപങ്ങളും ആശയങ്ങളും കുത്തിനിറച്ച് യു.ജി.സി പ്രസിദ്ധീകരിച്ച പഠന ഫലങ്ങളെ (ലേണിങ് ഔട്ട്കം) അടിസ്ഥാനമാക്കിയുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കരട് പാഠ്യപദ്ധതി ചട്ടക്കൂട് കേരള സർക്കാർ അംഗീകരിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കേന്ദ്ര സർക്കാറിനെ അറിയിച്ചു.

യു.ജി.സി തയാറാക്കിയ രേഖ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിരീക്ഷണങ്ങൾ പരിശോധിച്ചാണ് സംസ്ഥാനം തീരുമാനമെടുത്തതെന്നും മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും യു.ജി.സി ചെയർപേഴ്സനെയും അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ധർമേന്ദ്ര പ്രധാനും യു.ജി.സി ചെയർപേഴ്സൻ വിനീത് ജോഷിക്കും അയച്ച വെവ്വേറെ കത്തുകളിലാണ് മന്ത്രി സംസ്ഥാന സർക്കാറിന്‍റെ നിലപാട് വ്യക്തമാക്കിയത്.

സർവകലാശാലകളുടെ സ്വയംഭരണത്തെ ഗുരുതരമായി ലംഘിക്കുന്നതാണ് യു.ജി.സി കരട് രേഖയെന്ന് മന്ത്രി കത്തുകളിൽ പറഞ്ഞു. സിലബസും കോഴ്സ് ഘടനയും വായന പട്ടികയും എല്ലാം നിർദേശിച്ചുകൊണ്ടുള്ള ഈ നടപടി യു.ജി.സിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾക്കും അപ്പുറത്തുള്ളതാണ്. ഈ രേഖക്ക് രാജ്യത്തിന്‍റെ ധൈഷണികവും സാമൂഹികവുമായ സാഹചര്യങ്ങളെപ്പറ്റി അക്കാദമികമായും ദാർശനികമായും കാഴ്ചപ്പാടില്ല. പ്രത്യയശാസ്ത്രപരമായ ഒളിച്ചുകടത്തലുകളോടെ പാശ്ചാത്യ മാതൃകകളെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ‘ഇന്ത്യൻ ജ്ഞാനസമ്പ്രദായം’ എന്ന പേരിൽ വിഭാഗീയവും പല സാമൂഹിക വിഭാഗങ്ങളെയും തിരസ്കരിക്കുന്നതുമായ ഊന്നലുകളാണ് രേഖക്കുള്ളത്. ഇതെല്ലാം വഴി അക്കാദമികമായി യോഗ്യമല്ലാത്ത കാലഹരണപ്പെട്ട ചട്ടക്കൂടാണ് അവതരിപ്പിക്കുന്നത്.

വിമർശനാത്മകവും സർഗാത്മകവും ബഹുസ്വരവുമായ ഉന്നത വിദ്യാഭ്യാസത്തിന് ഇണങ്ങാത്ത തരത്തിലാണ് കരട് രേഖയുടെ ഘടനാപരമായ കുഴപ്പങ്ങൾ. രേഖ പിൻവലിച്ച് അടിസ്ഥാനപരമായി പുനരവലോകനം നടത്തണം. സ്വീകാര്യമായ മാതൃക രൂപവത്കരിക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാറുകളോടും സർവകലാശാലകളോടും അക്കാദമിക് സമൂഹത്തോടും കൂടിയാലോചന നടത്തണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

പ്രഫ. പ്രഭാത്പട്നായക് അധ്യക്ഷനായി സംസ്ഥാന സർക്കാർ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സഹിതമാണ് മന്ത്രി കത്തയച്ചത്. നേരത്തെ കരട് പാഠ്യപദ്ധതി ചട്ടക്കൂടിൽ യു.ജി.സി അഭിപ്രായങ്ങൾ തേടിയിരുന്നു.

Tags:    
News Summary - Kerala rejects UGC's draft curriculum framework

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.