തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലും കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) ചെയർമാന്റെയും അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ വർധിപ്പിച്ചത് വൻതോതിൽ. പി.എസ്.സി ചെയർമാന്റെ മാസ വേതനം നാല് ലക്ഷം വരെ ഉയരും. അംഗങ്ങൾക്ക് 2.42 ലക്ഷം ശമ്പളമുള്ളത് 3.4 -3.5 ലക്ഷമായും വർധിക്കും. ശമ്പളവർധനവ് വഴി പ്രതിവർഷം 35 കോടി രൂപഅധിക ബാധ്യതയാണ് സർക്കാറിന് വരുന്നത്.
ജുഡീഷ്യൽ കമീഷന്റെ നിരക്കിന് അനുസൃതമായാണ് പി.എസ്.സിയിലും വർധന വരുത്തിയത്. ചെയർമാന് ജില്ല ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യവും അംഗങ്ങൾക്ക് ജില്ല ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകക്ക് തുല്യവുമാകും പുതുക്കിയ ശമ്പളം. ചെയർമാന്റെ നിലവിലെ അടിസ്ഥാന ശമ്പളമായ 76,460 രൂപ 2,24,100 ആയി ഉയരും. അംഗങ്ങൾക്ക് 70,290 രൂപ അടിസ്ഥാന ശമ്പളമുള്ളത് 2,19,090 ആകും. ചെയർമാന് നിലവിൽ മറ്റ് ആനുകൂല്യങ്ങളും ചേർത്ത് മൊത്തം ശമ്പളം 2.6 ലക്ഷം രൂപയാണ്. പരിഷ്കരണം വഴി ഇത് 3.5 - നാല് ലക്ഷത്തിനിടയിലാകും.
അംഗങ്ങൾക്ക് നിലവിൽ 2.42 ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നത് പരിഷ്കരണം വഴി 3.4 -3.5 ലക്ഷമാകും. സിറ്റിങ് ഫീസ്, യാത്രാബത്ത ഉൾപ്പെടെ ആനുകൂല്യങ്ങളും ലഭിക്കും. ശമ്പളത്തിന് ആനുപാതികമായി പെൻഷനും കൂടും. സർക്കാർ സർവിസിലുള്ളവർക്ക് അതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് പെൻഷൻ നിർണയിക്കുക. ശമ്പളം വർധിപ്പിക്കാനുള്ള പി.എസ്.സി ആവശ്യം രണ്ടു തവണ മന്ത്രിസഭ മാറ്റിവെച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിലേതിനെക്കാൾ ഉയർന്ന സേവന വേതന വ്യവസ്ഥകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വർഷം മുമ്പാണ് പി.എസ്.സി ചെയർമാൻ സർക്കാറിന് കത്ത് നൽകിയത്. ഭരണമുന്നണി വീതം വെച്ചാണ് പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത്. ചെയര്‍മാനടക്കം 21 പേരുള്ള, രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പി.എസ്.സിയാണ് കേരളത്തിലേത്. സി.പി.എം, സി.പി.ഐ, കേരള കോൺ. എം., എൻ.സി.പി, കേരള കോൺ. (ബി), ജനതാദൾ (സെക്യുലർ), ഐ.എൻ.എൽ കക്ഷികൾക്കെല്ലാം പി.എസ്.സി അംഗങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.