മർദനമേറ്റ് ബോധരഹിതനായ എ.എസ്.ഐ രാജേഷ് (സി.സി.ടി.വി ദൃശ്യം), പ്രതി ദീപുലാൽ
സ്റ്റേഷനിൽ പ്രതി പൊലീസുകാരനെ നെഞ്ചിലിടിച്ച് ബോധം കെടുത്തി
ഓയൂർ (കൊല്ലം): അടിപിടിക്കേസിൽ കസ്റ്റഡിയിലായ പ്രതി സ്റ്റേഷനിൽ പൊലീസുകാരനെ നെഞ്ചിലിടിച്ച് ബോധം കെടുത്തി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം.
പള്ളിമൺ കിഴക്കേ ഗോകുലം പൂമങ്കലത്ത് വീട്ടിൽ ദീപുലാൽ (36) ആണ് ജി.ഡി ചാർജുണ്ടായിരുന്ന എ.എസ്.ഐ രാജേഷിന്‍റെ നെഞ്ചിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രാജേഷ് ബോധരഹിതനായി വീണു. ഈ സമയം ഗ്രില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മറ്റു പൊലീസുകാരെത്തിയാണ് കീഴ്പ്പെടുത്തിയത്.
രാജേഷിന് പ്രാഥമികശുശ്രൂഷ നൽകാനുള്ള ശ്രമവും പ്രതി തടസ്സപ്പെടുത്തി. തുടർന്ന് കൂടുതൽ പൊലീസ് എത്തി പ്രതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. പരിക്കേറ്റ എ.എസ്.ഐ രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂയപ്പള്ളിയിലെ ഹോട്ടലിൽ ദീപുലാലും മറ്റൊരാളും അടിയുണ്ടാക്കിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഉടൻ പ്രതി അക്രമാസക്തനാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.