കുട്ടി ഹാക്കർമാരുടെ തിരുട്ട്​ ഗ്രാമം, ചൗക്കി ബംഗാറിൽ കടന്ന്​ കേരളാ പൊലീസി​െൻറ ആക്ഷൻ

വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പു നടത്തിയവരെ പിന്തുടർന്ന്​ കേരളാ പൊലീസ്​ എത്തിപ്പെട്ടത്​ യു.പിയിലെ തിരുട്ട്​ ഗ്രാമത്തിൽ. കുട്ടികളായ ഹാക്കർമാർ ഉൾപ്പടെ സൈബർ തട്ടിപ്പ്​ നടത്തുന്ന ചൗക്കി ബംഗാറിൽ കടന്ന്​ രണ്ട്​ പ്രതികളെ കയ്യോടെ പിടികൂടി പൊലീസ്​. കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സംഘം ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചശേഷമാണ് വ്യാജ ഫേസ്​ബുക്ക് അകൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘത്തിനെ പിടികൂടിയത്.


മുഷ്താക് ഖാൻ, നിസാർ എന്നിവരെയാണ്​ ഉത്തർപ്രദേശിലെ മഥുരക്ക്​ സമീപം ചൗക്കി ബസാറിൽ നിന്ന്​ പിടികൂടിയത്​. കൊച്ചി സൈബർ സെല്ലിൽ നിന്ന്​ അന്വേഷണ സംഘത്തിന് പ്രതികളുടെ ലൊക്കേഷൻ നൽകിയിരുന്നു. മഥുരയിലെ ചൗക്കി ബംഗാർ ഗ്രാമത്തിലെത്തി അന്വേഷണങ്ങൾ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് ആദ്യം സൂചന ലഭിച്ചിരുന്നില്ല. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെയും അവരുടെ താവളവും കണ്ടെത്തി. 11-ാം നാൾ പുലർച്ചെ മൂന്നിനാണ് പോലീസ് പ്രതികളുടെ താവളത്തിലെത്തിയത്. മഥുര പോലീസി​െൻറ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്​തത്.


സൈബർ തട്ടിപ്പിലും ഹാക്കിങ്ങിലും കുട്ടികൾ വരെ രംഗത്തുള്ള നാടാണ് ചൗക്കി ബംഗാറെന്ന്​ പൊലീസ്​ പറഞ്ഞു. 18 വയസ്സിൽ താഴെയുള്ള നിരവധി പേർ തട്ടിപ്പ് സംഘത്തിന് കീഴിലുണ്ട്. കേസിൽ പെട്ടാലും അറസ്​റ്റ്​ ചെയ്യില്ലെന്നാണ് ഇവരെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത്. ഇവർക്ക് കമ്മിഷൻ സംഘത്തലവൻ നൽകും. കുട്ടികളുടെ പക്കലെല്ലാം നിരവധി സിമ്മുകളുണ്ട്. ഇവർക്ക് സിമ്മുകൾ വിതരണം ചെയ്യാനും ആൾക്കാരുണ്ട്. നിരായുധരായി ഗ്രാമത്തിലേക്ക് പോലീസ് വാഹനം ചെന്നാൽ ഗ്രാമത്തലവനും സംഘവും കടത്തിവിടില്ല. സൈബർ തട്ടിപ്പ് സംഘങ്ങളുടെ പക്കൽ നാടൻ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്.

ഇൻസ്പെക്​ടർ കെ.എസ്. അരുൺ, സീനിയർ സി.പി.ഒ. എസ്. രമേശ്, ഇ.കെ. ഷിഹാബ്, സി.പി.ഒ. പി. അജിത് രാജ്, ആർ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളുടെ ഡിവൈസ് ലൊക്കേഷൻ കേന്ദ്രീകരിച്ച് ഉത്തർപ്രദേശിലെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.