നെല്‍വയല്‍ നികത്തല്‍: ഉദ്യോഗസ്ഥര്‍ അവസാനവാക്കാവുമെന്ന് ആശങ്ക

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമവുമായി ബന്ധപ്പെട്ട റവന്യൂവകുപ്പിന്‍െറ സര്‍ക്കുലറും തുടര്‍ന്നുള്ള തദ്ദേശവകുപ്പിന്‍െറ ഉത്തരവും റവന്യൂഅധികൃതരുടെ ഇടപെടലിന് വഴിതെളിക്കുമെന്ന് ആശങ്ക ഉയരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ 2015 ജൂലൈ 27ന് നിയമസഭയില്‍ പാസാക്കിയ ഭേദഗതി എടുത്തുകളഞ്ഞതോടെ 1967ലെ ഭൂവിനിയോഗ ഉത്തരവും 2008ലെ നിയമവുമാണ് അവശേഷിച്ചിട്ടുള്ളത്. നിയമം പ്രാബല്യത്തില്‍ വന്നതിന്‍െറ അടിസ്ഥാനത്തില്‍ കലക്ടര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍  രണ്ടുമാസത്തിനകം അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. തൊട്ടുപിന്നാലെ പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി/ഒക്യുപെന്‍സി നല്‍കുന്നത് സംബന്ധിച്ച് തദ്ദേശവകുപ്പും ഉത്തരവിറക്കി. അതനുസരിച്ച് 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയ ഭൂമിയില്‍ നിര്‍മാണത്തിന് അനുമതി നല്‍കാം. അത്തരം ഭൂമി ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാബാങ്കിലോ ഉള്‍പ്പെടാന്‍ പാടില്ല. നിര്‍മാണാനുമതി നല്‍കുന്നതിനുമുമ്പ് തദ്ദേശ സെക്രട്ടറി, വില്ളേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവരടങ്ങിയ സംഘം ഭൂമി  2008ന് മുമ്പ് നികത്തിയതാണെന്ന് ഉറപ്പുവരുത്തും. അത്തരം സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കും അനുബന്ധനിര്‍മാണങ്ങള്‍ക്കും അനുമതി നല്‍കും.  ഇതുസംബന്ധിച്ച അപേക്ഷകളില്‍ രണ്ടുമാസത്തിനകം തീര്‍പ്പുകല്‍പിക്കണമെന്നാണ് തദ്ദേശവകുപ്പിന്‍െറയും നിര്‍ദേശം.
2008ന് മുമ്പുള്ളവക്കുമാത്രമേ അനുമതി നല്‍കൂവെന്നാണ് പറയുന്നതെങ്കിലും അത് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. നിലവില്‍ തയാറാക്കിയ ഡാറ്റാബാങ്ക് അബദ്ധപഞ്ചാംഗമെന്ന് ആക്ഷേപമുയര്‍ന്നത് നിയമസഭയിലാണ്. അത് യു.ഡി.എഫ്-എല്‍.ഡി.എഫ് ഭേദമില്ലാതെ അംഗീകരിക്കുകയും ചെയ്തു. 2008 വരെ നികത്തിയ വയലിന്‍െറ സ്ഥിതിവിവരക്കണക്ക് സര്‍ക്കാറിന്‍െറ കൈവശവുമില്ല. അതിനാല്‍, 2008ന് ശേഷം നികത്തിയതിനും ഉദ്യോഗസ്ഥര്‍ കണ്ണടച്ചാല്‍ അനുമതി ലഭിക്കുമെന്നാണ് അവസ്ഥ. 2008 വരെയുള്ള നെല്‍പാട-തണ്ണീര്‍ത്തട സ്ഥിതിവിവരക്കണക്കുകള്‍ പൂര്‍ണമായി പുറത്തുവിടാതെ നടത്തുന്ന ഇടപെടല്‍ നിയമം അട്ടിമറിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം നേരത്തേയുണ്ടായിരുന്ന പ്രാദേശികസമിതികളും നിലവിലില്ലാത്തതിനാല്‍ ഉദ്യോഗസ്ഥരാവും ഇക്കാര്യത്തില്‍ അവസാന വാക്ക്. അതിനുപുറമെയാണ് മൂന്ന് മുതല്‍ 10 സെന്‍റ് വരെ വീട് നിര്‍മിക്കുന്നതിന് നെല്‍വയല്‍ നികത്താനും അനുമതി നല്‍കുന്നത്. ഭൂവിനിയോഗ ഉത്തരവിലും നെല്‍വയല്‍ സംരക്ഷണനിയമത്തിലും ജലജ-ദിലീപ് കേസിന്‍െറ സുപ്രീംകോടതിവിധിയിലും നികത്താന്‍ അനുവാദമുണ്ട്. അതും ഭൂമാഫിയസംഘങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആക്ഷേപം.

 

Tags:    
News Summary - Kerala paddy field reclamation and conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.