ബന്ധു നിയമനം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം; അറിയില്ലെന്ന് പിണറായി

തിരുവനന്തപുരം: ബന്ധു നിയമന വിവാദവും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും ബന്ധു നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദ നിയമനങ്ങൾ തന്‍റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല.  താൻ അറിയേണ്ട കാര്യവുമില്ല. നിയമനങ്ങൾ വകുപ്പ് മന്ത്രി അറിഞ്ഞാൽ മതിയെന്നും പിണറായി വിശദീകരിച്ചു.

കഴിഞ്ഞ സർക്കാറിന്‍റെ ചില നടപടികളെയും മുഖ്യമന്ത്രി വിമർശിച്ചു. യു.ഡി.എഫ് സർക്കാറിലെ പലരും കുറ്റക്കാരാണെന്ന് കോടതികൾ പറഞ്ഞിരുന്നു. മനഃസാക്ഷിക്ക് മുമ്പിൽ അവർ കുറ്റക്കാരല്ലെന്നാണ് അന്നത്തെ ഭരണപക്ഷത്തിലെ നേതാക്കൾ നിലപാട് സ്വീകരിച്ചത്. പലർക്കുമെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ തെളിവില്ലെന്നും തെളിവുകൾ കൊണ്ടുവന്നപ്പോൾ കോടതിയിൽ തെളിയിക്കട്ടെ എന്നും പറഞ്ഞു. അങ്ങനെ അധികാരത്തിൽ കടിച്ചു തൂങ്ങുകയല്ല ജയരാജൻ ചെയ്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് നിയമസഭ‍യിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

അതിനിടെ, സഭാ നടപടികൾ നിയന്ത്രിച്ചിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഇന്ന് അബദ്ധം സംഭവിച്ചു. ശൂന്യവേളയിൽ സഭാ ചട്ടം 64 പ്രകാരം രാജിവെച്ച മന്ത്രി ഇ.പി ജയരാജനെ പ്രത്യേക പ്രസ്താവന നടത്താൻ സ്പീക്കർ ക്ഷണിക്കേണ്ടതാണ്. എന്നാൽ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി സതീശന് വിഷയം അവതരിപ്പിക്കാനായി ക്ഷണിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകുകയും ചെയ്തു. തുടർന്ന് അബദ്ധം മനസിലാക്കിയ സ്പീക്കർ ജയരാജനെ പ്രസ്താവന നടത്താൻ ക്ഷണിക്കുകയായിരുന്നു.

Tags:    
News Summary - kerala opposition to pianaray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.