തൊടുപുഴ: വാണിജ്യ ആവശ്യങ്ങൾക്കുകൂടി ഭൂമി ഉപയോഗിക്കാൻ കഴിയുംവിധം 1964ലെ കേരള ഭൂപ തിവ് ചട്ടം ഭേദഗതി ചെയ്യുന്നതിന് സർക്കാർതലത്തിൽ നടന്ന നീക്കം മരവിക്കുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെ തുടർന്ന് മാസങ്ങളായി തുടരുന്ന നിർമാണ സ് തംഭനം കണക്കിലെടുത്ത് സർവകക്ഷി ആവശ്യം പരിഗണിച്ചായിരുന്നു ചട്ടഭേദഗതി നീക്കം. എന്നാൽ, ഹൈകോടതിയിലടക്കം ഭൂമി സംബന്ധമായ കേസുകളുള്ളത് തീർപ്പാകുന്ന മുറക്ക് മതി തുടർനീക്കങ്ങളെന്ന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റവന്യൂമന്ത്രി നിർദേശം നൽകി.
രാഷ്ട്രീയ തിരിച്ചടി ഭയന്ന് ഡിസംബർ 18ലെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയുമെടുത്ത നിലപാടിൽനിന്ന് പിന്നാക്കം പോകലാണിത്. ഇടുക്കിയിലെ ഭൂമി സംബന്ധിച്ച കേസുകൾ കോടതിയിലായതിനാൽ പുതിയ തീരുമാനങ്ങളൊന്നും സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് റവന്യൂമന്ത്രിക്ക്.
1964ലെ ഭൂപതിവ് ചട്ട പ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. ഇൗ നിയമം കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് ഇറക്കിയ 22.08.2019ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിെൻറ പശ്ചാത്തലത്തിൽ ഇടുക്കിയിൽ വീടും കൃഷിയും ഒഴികെ നിർമിതികൾ മുഴുവൻ മുൾമുനയിലാകുകയായിരുന്നു. പട്ടയ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന് ഉറപ്പാക്കി റവന്യൂ വകുപ്പിൽനിന്ന് നിരാക്ഷേപപത്രം ലഭ്യമാക്കി മാത്രമേ ഇപ്പോൾ നിർമാണം സാധ്യമാകൂ. നിർമാണം തീർത്തും നടക്കില്ലെന്ന സ്ഥിതിയാണ് ഇതുണ്ടാക്കിയിട്ടുള്ളത്.
നിർമാണ നിരോധന വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. സംസ്ഥാനത്ത് മറ്റൊരു ജില്ലക്കും ബാധകമാകാത്ത നിയമം ഇടുക്കിയിൽ അടിച്ചേൽപിക്കുന്നെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.