പത്രിക തള്ളിയവരിൽ മുന്നണി സ്ഥാനാർഥികളും; കൽപറ്റ നഗരസഭയിൽ യു.ഡി.എഫ് ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി

തിരുവനന്തപുരം: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ സംസ്ഥാനത്താകെ 2,261 പത്രികകൾ തള്ളിയതിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ വരെ പെട്ടു. യു.ഡി.എഫിന്റെ നഗരസഭ ചെയർമാൻ സ്ഥാനാർഥിയുടെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും പത്രികകൾ സ്വീകരിക്കാതെ പോയതിലുണ്ട്.

വയനാട്ടിലെ കൽപറ്റ നഗരസഭ ചെയർമാൻ സ്ഥാനാർഥി കെ.ജി. രവീന്ദ്രന്റെ പത്രിക തള്ളി. 23ാം വാർഡായ വെള്ളാരംകുന്നിൽനിന്നാണ് നഗരസഭ മുൻ സെക്രട്ടറികൂടിയായ ഇദ്ദേഹം മത്സരിക്കാനിരുന്നത്. 2019ൽ സെക്രട്ടറിയായിരുന്ന കാലത്ത് നഗരസഭയിൽ നടന്ന ഫുട്ബാൾ ടൂർണമെന്റിന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് ഇദ്ദേഹത്തിനെതിരായ റവന്യൂ റിക്കവറി നടപടിയാണ് പത്രിക തള്ളാൻ കാരണമായത്. ഇവിടെ യു.ഡി.എഫിന്റെ ഡമ്മിയായി പത്രിക നൽകിയ സി.എസ്. പ്രഭാകരൻ സ്ഥാനാർഥിയായി. എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് , കടമക്കുടി ഡിവിഷനിൽനിന്ന് ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍സി ജോര്‍ജിന്റെ പത്രികയാണ് ജില്ല കലക്ടര്‍ ജി. പ്രിയങ്ക തള്ളിയത്. നാമനിര്‍ദേശം ചെയ്തയാള്‍ മറ്റൊരു ഡിവിഷനിലെ വോട്ടറാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഇവിടെ ഡമ്മിയെ നിർത്താത്തത് യു.ഡി.എഫിന് വൻ തിരിച്ചടിയായി. കടമക്കുടി പഞ്ചായത്ത്‌ പ്രസിഡന്റായ മേരി വിൻസന്റാണ്‌ ഇവിടെ എൽ.ഡി.എഫ്‌ സ്ഥാനാർഥി. എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായിരിക്കും ഇവിടെ മത്സരം.

മലപ്പുറം ജില്ലയിൽ രണ്ട് എൽ.ഡി.എഫ് സ്ഥാനാർഥികളുടെ നാമനിർദേശപത്രിക തള്ളി. വഴിക്കടവ് പഞ്ചായത്തിലെ വാർഡ് 23 മേക്കൊരവയിലെ ശിഫ്ന ശിഹാബ്, വളാഞ്ചേരി നഗരസഭയിലെ വാർഡ് 29ലെ ധന്യ ബാബുരാജ് എന്നിവരുടെ പത്രികകളാണ് അസാധുവായത്. കുറ്റിപ്പുറം ബ്ലോക്കിന് കീഴിലെ ‘പകൽ വീടി’ൽ താൽക്കാലിക ജോലിയുള്ളതാണ് ധന്യക്ക് വിനയായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച വാർഡാണിത്. ആലപ്പുഴ നഗരസഭ വാടയ്ക്കൽ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി കെ.കെ. പൊന്നപ്പന്‍റെയും കായംകുളം നഗരസഭ 18 ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി സൗമ്യയുടെയും പത്രിക തള്ളി. രണ്ടിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്‍റെ വരവ് ചെലവ് കണക്ക് നൽകാതിരുന്നതാണ് വിനയായത് .

പാലക്കാട് നഗരസഭയിലെ 50, 51 വാർഡുകളിൽ സി.പി.എം സ്ഥാനാർഥികളായി പത്രിക നൽകിയ എം. ഗോപി, പി. സുഗത എന്നിവരുടെ നാമനിർദേശപത്രികകൾ തള്ളി. കഴിഞ്ഞ തവണ മൽസരിച്ച ഇവർ വരവ് ചെലവ് കണക്ക് സമർപ്പിച്ചിരുന്നില്ല. ഡമ്മി സ്ഥാനാർഥികളില്ലാത്തതിനാൽ ഇരു വാർഡുകളിലും എൽ.ഡി.എഫ് മൽസരത്തിനില്ലാതെയായി.

ഹൈകോടതി ഇടപെടലിൽ സ്ഥാനാർഥിയായത് ഒട്ടേറെ പേർ

കൊച്ചി: വോട്ടർപട്ടികയിൽ പേരില്ലാതിരുന്നിട്ടും ഹൈകോടതിയുടെ ഇടപെടലിൽ സ്ഥാനാർഥിയാകാൻ അവസരം കിട്ടിയത് നിരവധി പേർക്ക്. തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ യു.ഡി.എഫ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷ് ഉൾപ്പെടെയുള്ളവരാണ് കോടതി ഇടപെട്ട് സ്ഥാനാർഥിയായത്. എന്നാൽ പട്ടികയിൽ പേര് ചേർക്കുന്ന കാര്യത്തിൽ പോലും ഉദാസീനത കാണിക്കുകയും സ്ഥാനാർഥിയാകാൻ അനുമതി തേടുകയും ചെയ്ത ഹരജിക്കാർക്ക് തിരിച്ചടിയും കിട്ടി.

വൈഷ്ണ സുരേഷിന്റെ ഹരജിയിൽ അനുകൂല ഉത്തരവുണ്ടായതോടെയാണ് വോട്ടർപട്ടികയിൽ പേരില്ലാത്ത ഇരുപതോളം സ്ഥാനാർഥികൾ കോടതിയിലെത്തിയത്. ഇതിൽ കോഴിക്കോട് കോർപറേഷനിൽ യു.ഡി.എഫിനായി മത്സരിക്കാൻ തീരുമാനിച്ച സംവിധായകൻ വി.എം. വിനുവിന്റെ ഹരജിയും ഉണ്ടായിരുന്നു. പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാതെ എത്തിയ അദ്ദേഹത്തിന്റെ ഹരജി തള്ളിയ കോടതി, സ്വന്തം പേര് വോട്ടർപട്ടികയിലുണ്ടെന്ന് ഉറപ്പാക്കാനുള്ള ജാഗ്രതയെങ്കിലും വേണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

വിനുവിന്റെ ഹരജി പരിഗണിക്കവെ, പത്രങ്ങൾ വായിക്കാത്തതുകൊണ്ടാണ് വിവരങ്ങൾ യഥാസമയം അറിയാത്തതെന്ന വിമർശനവും കോടതിയിൽനിന്നുണ്ടായി. എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ താമസക്കാരിയായ മെയ്‌മോൾ പി. ഡേവിസിന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സമയം വൈകിയതിനാൽ സ്ഥാനാർഥിയാകാൻ അവസരം നഷ്ടമായത് കഴിഞ്ഞദിവസമാണ്.

ആഗസ്റ്റ് 13 വരെ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നുവെന്നും പിന്നീട് നീക്കം ചെയ്‌തെന്നുമുള്ള വാദം കണക്കിലെടുത്താണ് മെയ്‌മോൾക്ക് അനുകൂലമായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവുണ്ടായത്. ഇതിനെ തുടർന്ന് വെള്ളിയാഴ്ച വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും സമയം വൈകിയതിനാൽ പത്രിക നൽകാൻ കഴിഞ്ഞില്ല. സ്വയമാണ് മെയ്‌മോൾ കേസ് വാദിച്ചത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ സ്ഥാനാർഥിയായ ഗൗരി പാർവതി രാജും ഹൈകോടതിയുടെ ഇടപെടലിലൂടെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടത്.

മുമ്പ് മത്സരിച്ചപ്പോൾ ചെലവഴിച്ച തുകയുടെ കണക്ക് നൽകാത്തതിന്റെ പേരിൽ അയോഗ്യത കൽപിച്ചെന്ന പരാതിയുമായെത്തിയ, പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ മത്സരിക്കാൻ തീരുമാനിച്ച ഡി.വൈ.എഫ്‌.ഐ നേതാവ് ഷഹീർ അലിക്കും അനുകൂല ഉത്തരവ് ലഭിച്ചു. ഹരജിക്കാരനെ അയോഗ്യനാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കമീഷൻ തീരുമാനമെന്ന് വലിയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

Tags:    
News Summary - Kerala Local Body Election: UDF, LDF and BJP candidates nominations rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.