തൊടുപുഴ: കൊക്കയാർ പഞ്ചായത്തിലെ 10-ാം വാർഡിൽ ഇത്തവണ പോരാട്ടം സഹോദരങ്ങൾ തമ്മിൽ. കാര്യം സഹോദരങ്ങൾ ഒക്കെ ആണെങ്കിലും തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ചയില്ല എന്നാണ് കട്ടപ്ലാക്കൽ അബ്ദുൽ സലാമിന്റെ മക്കളായ സി.പി.എം സ്ഥനാർഥി അൻസൽനയും കോൺഗ്രസ് സ്ഥാനാർഥി അയ്യൂബ് ഖാനും പറയുന്നത്.
വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ് ഇരുവരും. വ്യത്യസ്ത ആശയങ്ങളുള്ള സഹോദരങ്ങൾ ജനാധിപത്യത്തിന്റെ ഗോദയിൽ നേർക്കുനേർ എതിരിടുകയാണ്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ് അയ്യൂബ് ഖാൻ. പത്താം വാർഡിലെ സി.പി.എമ്മിന്റെ സിറ്റിങ് വാർഡ് മെമ്പറാണ് അൻസൽന. വാർഡ് നറുക്കെടുപ്പ് നടന്ന ദിവസം തന്നെ കോൺഗ്രസ് അയ്യൂബ് ഖാന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. മത്സരം കടുപ്പിക്കാൻ അൻസൽനയെ തന്നെ സിപിഎം വീണ്ടും ഇറക്കി.
തെരഞ്ഞെടുപ്പിൽ ബന്ധവും സ്വന്തവും ഒന്നുമല്ല, രാഷ്ട്രീയമാണ് വലുത് എന്നാണ് അൻസൽന പറയുന്നത്: ‘സഹോദരനാണ് എതിർസ്ഥാനാർത്ഥി. അദ്ദേഹവും യുഡിഎഫ് നേതാവാണ്. കാലങ്ങളായി ആ പാർട്ടിയിൽ പ്രവർത്തിച്ചു വരുന്നു. എനിക്ക് എൻറെ രാഷ്ട്രീയമാണ് വലുത്. അതിനകത്ത് ബന്ധങ്ങൾ ഒന്നും നോക്കുന്നില്ല. ഇലക്ഷൻ കഴിയുമ്പോൾ രാഷ്ട്രീയം മറക്കും. മത്സര രംഗത്ത് ഞങ്ങൾ നല്ല പോരാളികളായി തന്നെയാണ് പോകുന്നത്’ -അവർ പറഞ്ഞു.
2010ലേതിനേക്കാൾ മികച്ച വിജയം ഇത്തവണ യു.ഡി.എഫ് സ്വന്തമാക്കും എന്നാണ് അയ്യൂബ് പറയുന്നത്. ‘എന്റെ ഏക സഹോദരിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി ഇവിടെ മത്സരിക്കുന്നത്. സിറ്റിങ് മെമ്പർ ആയ അവർ അപ്രതീക്ഷിത സ്ഥാനാർഥിയാണ്. 2010ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ആയി സഹോദരി ഇവിടെ മത്സരിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി മേരിക്കുട്ടി ജോൺസൻ 97 വോട്ടിനാണ് ഈ വാർഡിൽ വിജയിച്ചത്. മേരിക്കുട്ടി ജോൺസന്റെ വിജയത്തേക്കാൾ വലിയ വിജയം എന്റെ വാർഡിലെ ആളുകൾ എനിക്ക് തരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല’ -അദ്ദേഹം പറയുന്നു. മത്സരം വീട്ടുകാർ തമ്മിലായതിനാൽ ആർക്ക് വോട്ടുചെയ്യണം എന്ന കൺഫ്യൂഷനിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.