കാസർകോട്: സാക്ഷരത മിഷെൻറ സ്വാശ്രയ കോഴ്സിന് സർക്കാർ അംഗീകാരം. തുല്യത പരീക്ഷയിലൂടെ പഠനത്തിൽ മുന്നേറ്റം തുടരുന്ന പഠിതാക്കളെ ഉന്നത വിദ്യാഭ്യാസത്തിലേക്കും സർക്കാർ സർവിസിലേക്കും എത്തിക്കുന്നതിനാണ് സ്വാശ്രയ കോഴ്സിന് സർക്കാർ അംഗീകാരം നൽകിയത്.
കഴിഞ്ഞയാഴ്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും ഫീസ് ഘടന തീരുമാനിച്ചിട്ടില്ലെന്നും സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവിൽ സാക്ഷരത പ്രവർത്തനം മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുകയെന്നത് മാത്രമാണ്. ഇതിനെ ഒരുപടി കൂടി ഉയർത്തുകയാണ് ചെയ്യുന്നത്. പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് എന്നിവയാണ് പാഠ്യപദ്ധതി. ഇതിൽ ‘അച്ഛീ ഹിന്ദി’ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. ഇതിൽ കേവലം എഴുത്തും വായനയുമല്ല. സാഹിത്യാംശവും ഉൾചേർന്നിട്ടുണ്ടെന്ന് ഡോ. ശ്രീകല പറഞ്ഞു.
ഹിന്ദി, ഇംഗ്ലീഷ് എന്നിവയുടെ രജിസ്ട്രേഷൻ ജനുവരിയിൽ ആരംഭിക്കും. പൊതു അവധി ദിനങ്ങളിൽ സർക്കാർ സ്കൂളുകളാണ് പാഠശാലകളായി മാറുക. സർവിസിൽ കയറാത്ത ബി.എഡ് കഴിഞ്ഞവരും വിരമിച്ച അധ്യാപകരുമാണ് ക്ലാസെടുക്കുന്നത്. ഫീസ് ഘടന നിശ്ചയിച്ചാൽ, സാമ്പത്തിക ശേഷിയില്ലാത്ത പഠിതാക്കളുടെ ഫീസ് തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിലൂടെ നീക്കിവെക്കാൻ സാക്ഷരത മിഷൻ സർക്കാറിെൻറ അനുമതി വാങ്ങിയിട്ടുണ്ട്.
ഇംഗ്ലീഷും ഹിന്ദിയും നാലുമാസത്തെ കോഴ്സാണ്. ഇത് കഴിഞ്ഞാൽ ഒരു വർഷത്തെ കോഴ്സിനെക്കുറിച്ച് ആലോചിക്കും. 17 വയസ്സ് പൂർത്തിയായ ആർക്കും സാക്ഷരത മിഷൻ നടത്തുന്ന സ്വാശ്രയ കോഴ്സിൽ പേര് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.