തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന്റെ ചർച്ചയിൽ പാർട്ടികളുടെ വിരുദ്ധ നിലപാടുകൾ ആയുധമാക്കി മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയനയങ്ങളെ വഞ്ചിക്കുന്നവരാണ് സംസ്ഥാന കോണ്‍ഗ്രസുകാരെന്ന് എം.ബി. രാജേഷ് കുറ്റപ്പെടുത്തി. രാജ്യത്ത് രണ്ട് കോണ്‍ഗ്രസുണ്ട്. ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസും കേരളത്തില്‍ മോദിയും ഇ.ഡിയും നയിക്കുന്ന കോണ്‍ഗ്രസുമെന്ന് മന്ത്രി പരിഹസിച്ചു.
മറുപടി നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തില്‍ രണ്ട് സി.പി.എം ഉണ്ടെന്ന് തിരിച്ചടിച്ചു. എം.വി. ഗോവിന്ദന്റെ ജാഥയില്‍ പോലും പങ്കെടുക്കാത്ത, മുഖ്യമന്ത്രി കഴിഞ്ഞാല്‍ കേരളത്തിലെ സി.പി.എമ്മിൽ ഏറ്റവും സീനിയറായ ഇ.പി. ജയരാജനുള്ള പാര്‍ട്ടിയും ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിക്കുന്ന പോളിറ്റ്ബ്യൂറോയെ എതിര്‍ത്ത് ഇവിടെ കോണ്‍ഗ്രസിനെ ആക്രമിക്കുന്ന പാർട്ടിയുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,28,315 പേര്‍ക്ക് വീടുവെച്ച് നല്‍കിയെന്നും 13,132.6 കോടി രൂപ ചെലവഴിച്ചെന്നും നോട്ടീസിന് മറുപടി നല്കിയ മന്ത്രി രാജേഷ് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അവർ ചോദ്യം ചെയ്തു. അന്ന് ഡല്‍ഹിയില്‍ പോയി സമരമുണ്ടാക്കിയവർ ഇ.ഡിക്കു വേണ്ടി വാദിക്കുന്നു. ഇവിടത്തെ കോണ്‍ഗ്രസുകാര്‍ക്ക് രാഹുലിന്റെ താടിയെക്കാൾ ഇഷ്ടം മോദിയുടെ താടിയാണെന്നും രാജേഷ് പറഞ്ഞു.
ലൈഫ് മിഷനിൽ മൂന്നുവർഷം മുമ്പ് തുടങ്ങിയ സി.ബി.ഐ അന്വേഷണം നിലച്ചതിനു പിന്നിൽ ഒത്തുകളികളുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇപ്പോഴത്തെ ഇ.ഡിയുടെ അന്വേഷണവും സംശയാസ്പദമാണ്, അന്വേഷണത്തില്‍ തൃപ്തിയുമില്ല.. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 2019 ജൂലൈ ആറു മുതൽ 31വരെ നടന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.