കൊട്ടിയൂർ: ഒമ്പത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക് പോകാനിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്‌കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. അതോടെ ഈ കുട്ടിപ്പട്ടാളത്തിന്റെ സ്കൂൾ യാത്രയിൽ എട്ടുപേരാകും. മൂന്നര മാസം മാത്രം പ്രായമായ ഇളയ മകൾ സ്കൂളിൽ പോകാൻ തുടങ്ങുമ്പോഴേക്കും മുതിർന്നവരിൽ പലരുടെയും സ്കൂൾ ജീവിതം അവസാനിച്ച് കോളജിലേക്ക് ചുവടുമാറും.
മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്‌കൂളിൽ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു. അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യു.കെ.ജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ. യു.പി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്. ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസിനയും അടുത്തുള്ള അങ്കണവാടിയിലും പോകും.
കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കുട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‍ലിയ.
തന്റെ സ്‌കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു.
ഇളയ മകൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്‌കൂൾ പഠനകാലം കഴിഞ്ഞു പോകും എന്നതിനാൽ ഈ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ. സന്തോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.