പ്രതീകാത്മക ചിത്രം

മഴയും കാറ്റും ഇടിമിന്നലും; പെരുമഴ മുന്നറിയിപ്പ്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു, വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട് തീരത്ത് നിലനിൽക്കുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ 26 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ 11 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് സൂചന.

ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിലവിലുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള, ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. മഴയും വെള്ളക്കെട്ടും കാരണം അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി നൽകാൻ കലക്ടർ നിർദേശം നൽകി. മഴ മാറുന്നതുവരെ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു.

ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ്, റവന്യൂ, വനം, പൊലീസ് വകുപ്പുമേധാവികൾക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മലയോര മേഖലകളിലാണ് കൂടുതൽ ശക്തമായ മഴ അനുഭവപ്പെട്ടത്.

മോശം കാലാവസ്ഥയെ തുടർന്നുണ്ടായ സാങ്കേതിക തടസ്സങ്ങൾ കാരണം കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ല. മഹാത്മാഗാന്ധി സർവകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും.

Tags:    
News Summary - Kerala Braces for Heavy Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.