ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഹനങ്ങൾ കടത്തിവിടുന്നു
വനം വകുപ്പിന്റെ വിചിത്ര നടപടി; വനപാതയിലൂടെ തോൽപ്പെട്ടിയിലേക്ക് നിയന്ത്രണം, മൈസൂരുവിലേക്ക് പോകാം
മാനന്തവാടി: രാത്രിയാത്ര നിരോധനമില്ലാതെ കേരളത്തെയും കർണാടകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാട്ടിക്കുളം തോൽപ്പെട്ടി റൂട്ടിൽ വിചിത്ര നിലപാടുമായി വനം വകുപ്പ്. രാത്രിയിൽ വാഹനത്തിൽ തോൽപ്പെട്ടിയിലേക്ക് പോകാൻ അനുവദിക്കാത്ത അധികൃതർ ഇതേ റൂട്ടിൽ മൈസൂരുവിലേക്കാണേൽ വാഹനം കടത്തിവിടുകയും ചെയ്യും.
കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിന്ന് കുടുംബസമേതം തോൽപ്പെട്ടിയിലേക്ക് യാത്ര ചെയ്തയാളെ വാഹനം തടഞ്ഞ് നിർത്തി വനംവകുപ്പ് ജീവനക്കാർ തിരിച്ചയച്ചിരുന്നു. അതേസമയത്ത് വന്ന മറ്റു വാഹനങ്ങൾ മൈസൂരുവിലേക്കാണെന്ന് പറഞ്ഞപ്പോൾ കടത്തിവിടുകയും ചെയ്തു.
തോൽപ്പെട്ടി പ്രദേശത്ത് പ്രവർത്തിക്കുന്ന ചില റിസോട്ടുകൾ മൃഗങ്ങളെ കാണിക്കാനായി സഞ്ചാരികളുമായി വാഹനത്തിൽ കറങ്ങുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രിയാത്രക്ക് ഡി.എഫ്.ഒ നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് വാഹന പരിശോധന കർശനമാക്കിയതും നിയന്ത്രണങ്ങൾ വേണ്ടിവന്നതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.
എന്നാൽ, തോൽപ്പെട്ടിയിൽ സ്ഥിരതാമസമാക്കിയവർക്ക് പോലും വനംവകുപ്പിന്റെ നിയന്ത്രണം തലവേദനയായി മാറിയിട്ടുണ്ട്. വനം വകുപ്പിന്റെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനങ്ങൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കടത്തിവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.