തിരുവനന്തപുരം: കാലവർഷത്തിന്റെ വരവിന് പിന്നാലെ പകർച്ചവ്യാധികൾ കൂടി പിടിമുറുക്കിയതോടെ കേരളം രോഗക്കിടക്കയിൽ. ഷിഗല്ലെയും നിപയും ഒരു ഭാഗത്ത് പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുമ്പോൾ മറുഭാഗത്ത് പനിബാധിതരുടെ എണ്ണവും പ്രതിദിനം കുതിച്ചുയരുകയാണ്. ജൂണിലെ 16 ദിവസത്തെ മാത്രം കണക്കെടുത്താൽ പനിക്ക് ചികിത്സ തേടിയവർ 1,67,222 പേരാണ്. ഇതിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.
മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവുമാണ് പ്രധാന ലക്ഷണം. ജലദോഷം, പനി, ചെവിവേദന, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ പതിവ് ലക്ഷണങ്ങൾ തന്നെയാണ് നിലവിൽ പടരുന്ന പനിക്കും. അപൂർവം ചിലർക്ക് ചുമയും ശ്വാസംമുട്ടലുമടക്കമാണ് പനി പിടിപെടുന്നത്. ചിലരിൽ പനി മാറിയാലും ക്ഷീണം അവശേഷിക്കുകയാണ്. പനി മാറി ഒരാഴ്ചയുടെ ഇടവേളയിൽ വീണ്ടും പനി വരുന്ന സ്ഥിതിയുമുണ്ട്. ഈ വർഷം ഇതുവരെ 10,40,798 പേർക്കാണ് പനി ബാധിച്ചത്.
ഡെങ്കിപ്പനിയുടെ കാര്യവും വ്യത്യസ്തമല്ല. ജൂണിലെ മാത്രം കണക്കനുസരിച്ച് 924 പേർക്കാണ് ഡെങ്കി പിടിപെട്ടത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. അഞ്ച് മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്ന് സംശയവുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഡെങ്കി കേസുകളിൽ 27.24 ശതമാനവും ജൂണിലെ 16 ദിവസങ്ങളിലാണെന്നതും ഗൗരവതരം. ഡെങ്കി വൈറസിന്റെ നാല് വ്യത്യസ്ത വകഭേദങ്ങൾ സംസ്ഥാനത്ത് ഒരുപോലെ നിലനിൽക്കുന്നതിനാൽ, ഓരോ മൂന്നോ നാലോ വർഷം കൂടുമ്പോൾ രോഗബാധയുടെ തീവ്രത വർധിക്കുന്ന രീതി കേരളത്തിൽ കാണപ്പെടുന്നുണ്ട്.
ജനുവരി മുതൽ ജൂൺ വരെയുള്ള 167 ദിവസങ്ങളിൽ ആകെ 146 ഷിഗല്ലെ കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇതിൽ 70ഉം അവസാനത്തെ 16 ദിനങ്ങളിലെന്നത് തീവ്രവ്യാപനത്തിന്റെ സൂചന നൽകുന്നു. ആകെയുള്ള അഞ്ച് മരണങ്ങളും ജൂണിലാണ്. ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാകുന്ന അതിസാരം അതീവ സമ്പർക്ക സ്വഭാവമുള്ള ജലജന്യ രോഗമാണ്. വളരെ വേഗത്തിൽ പകരുന്ന ഈ രോഗബാധ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാകുമെന്ന് തിരിച്ചറിഞ്ഞ് വിപുലമായ പ്രതിരോധ ദൗത്യത്തിന് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സമീപകാലത്തുണ്ടായ അമീബിക് മസ്തിഷ്കജ്വര കേസുകളിലെ വർധന ചെറുതല്ലാത്ത ആശങ്കയുയർത്തുന്നു. 2016 മുതൽ 2023 വരെയുള്ള എട്ട് വർഷങ്ങളിൽ കേവലം എട്ട് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത്, 2024ൽ 36 കേസുകളും 2025ൽ 201 കേസുകളും സ്ഥിരീകരിച്ചു. 2026 ജൂൺ 12 വരെയുള്ള കണക്കുകൾ പ്രകാരം 133 കേസുകളും ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. 11 എലിപ്പനി കേസുകളും ജൂണിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണത്തിന് ദീര്‍ഘകാല പദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പ് ഉന്നതതല കമ്മിറ്റിക്ക് രൂപംനൽകി. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഓരോ സീസണിലും പടർന്നുപിടിക്കാവുന്ന പകർച്ചവ്യാധികൾ സംബന്ധിച്ച് കലണ്ടർ തയാറാക്കാനും നിയന്ത്രണ നടപടി സ്വീകരിക്കാനുമാണ് സമിതി രൂപവത്കരിച്ചതെന്ന് മന്ത്രി കെ. മുരളീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലോകാരോഗ്യ സംഘടന കൺസൽട്ടന്റ് ഡോ. എസ്.എസ്. ലാൽ ചെയർമാനും ആരോഗ്യവകുപ്പ് സ്പെഷൽ സെക്രട്ടറി ശർമിള മേരി ജോസഫ് കോർഡിനേറ്ററും ഡോ. ശ്രീജിത്ത് എൻ. കുമാർ കൺവീനറുമായ കമ്മിറ്റിയിൽ മെഡിക്കല്‍ വിദ്യാഭ്യാസ, ആരോഗ്യ ഡയറക്ടര്‍മാര്‍ക്കൊപ്പം സർക്കാർ, സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ, ഭക്ഷ്യസുരക്ഷ, മൃഗസംരക്ഷണ വകുപ്പുകളിലെ വിദഗ്ധർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.
സമിതി സ്ഥിരം സംവിധാനമാക്കും. അടിയന്തരമായി റിപ്പോര്‍ട്ട് നൽകാന് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആയുഷ്, തദ്ദേശം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി തയാറാക്കുക.
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം 70 പേര്‍ക്ക് ഷിഗല്ലെ ബാധിച്ചതായി മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഈ വര്‍ഷം 146 പേര്‍ക്ക് രോഗം ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്തു. മലപ്പുറം (രണ്ട്), കോഴിക്കോട് (രണ്ട്), തൃശൂര്‍ (ഒന്ന്) എന്നീ ജില്ലകളിലാണ് ഷിഗല്ലെ രോഗികള്‍ മരിച്ചത്. കോഴിക്കോട്ട് ചികിൽസയിലുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്യാത്തത്.
നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 37 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. നിപ ചികിത്സക്ക് ആവശ്യമായ എല്ലാ മരുന്നുകളും സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.