പാമ്പുകടി മരണം: കാടുകൾ വെട്ടിത്തെളിക്കാൻ തദ്ദേശഭരണ വകുപ്പ്​ നടപടി സ്വീകരിക്കണം -ഹൈകോടതി

കൊച്ചി: പാമ്പ്​ കടിച്ച്​ മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനവാസമേഖലയിൽ പറമ്പുകൾ കാടുപിടിച്ചുകിടക്കുന്നത്​ തടയാൻ തദ്ദേശ ഭരണ വകുപ്പ്​ നടപടി സ്വീകരിക്കണമെന്ന്​ ഹൈകോടതി. ഇത്​ സംബന്ധിച്ച്​ അഡീ. ചീഫ് സെക്രട്ടറി തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് രണ്ടുമാസത്തിനകം നിർദേശം നൽകണമെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. വീടിനുസമീപത്തെ കാടു പിടിച്ച പറമ്പിൽനിന്ന് പാമ്പുകടിയേറ്റ് മാള കുണ്ടൂർ സ്വദേശിയായ മൂന്ന് വയസ്സുകാരി അർവിൻ മരിച്ചതിനെത്തുടർന്ന്​ മാതാപിതാക്കളായ ലയ, ബിനോയ് തുടങ്ങിയവർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. അർവിൻ മരിച്ചിട്ട്​ വെള്ളിയാഴ്ച രണ്ടുവർഷം തികയും.

2021 മാർച്ച് 24നാണ് കുട്ടി പാമ്പുകടിയേറ്റ്​ മരിച്ചത്. ഇവരുടെ വീടിന്​ തൊട്ടടുത്ത 75 സെൻറ്​ വരുന്ന പറമ്പ് വർഷങ്ങളായി കാടു പിടിച്ചുകിടക്കുകയാണ്. ഇത്​ വൃത്തിയാക്കണമെന്ന്​ ആവശ്യപ്പെട്ട് ഹരജിക്കാർ ഭൂവുടമകളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അർവിന്‍റെ മരണത്തെ തുടർന്ന് സമീപവാസികൾ പൊലീസിൽ പരാതി നൽകിയതോടെ ഭൂമിയിലെ കാട്​ വെട്ടിത്തെളിക്കാൻ പൊയ്യ പഞ്ചായത്ത് സെക്രട്ടറി ഭൂവുടമകൾക്ക് നോട്ടീസ് നൽകി. എന്നാൽ, ഇതിലും നടപടിയുണ്ടായില്ല. പിന്നീട് ആർ.ഡി.ഒക്ക്​ പരാതി നൽകിയെങ്കിലും ഭൂവുടമകൾ ഹാജരായില്ല. തുടർന്ന്, തൊഴിലുറപ്പ്​ പദ്ധതിയിൽ ഉൾപ്പെടുത്തി പറമ്പ്​ വൃത്തിയാക്കാൻ നിർദേശിക്കണമെന്ന്​ ആവശ്യപ്പെട്ട് ഹരജിക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

പറമ്പിലെ കാട്​ വെട്ടിത്തെളിച്ച്​ വൃത്തിയാക്കാൻ പൊയ്യ പഞ്ചായത്ത് സെക്രട്ടറി ഭൂവുടമകൾക്ക് നോട്ടീസ് നൽകാനും ഇതിൽ ഭൂവുടമകൾ നടപടിയെടുക്കാനും ഹൈകോടതി നിർദേശിച്ചു. ഭൂവുടമകൾ വീഴ്ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറി അധികാരമുപയോഗിച്ച് പറമ്പ്​ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും ഇതിന്‍റെ ചെലവ് ഭൂവുടമകളിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. തുടർന്നാണ്, സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പറമ്പുകൾ കാടുപിടിച്ചു കിടക്കുന്നുണ്ടെന്ന് വിലയിരുത്തിയ കോടതി അഡീ. ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.

Tags:    
News Summary - Kerala Highcourt on snake bite death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.