കൊച്ചി: മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ അശോകസ്തംഭം പതിച്ച ബാഡ്ജും ഒരു വശത്തേക്ക് ചരിഞ്ഞ നീല ബെറേറ്റ് ക്യാപ്പും ധരിക്കുന്നത് ഹൈകോടതി തടഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുേടതുപോലുള്ള യൂനിഫോം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ധരിക്കുന്നതിനെതിരെ എറണാകുളം സ്വദേശി പി.എ. ജനീഷ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
രേഖകൾ പ്രകാരം സായുധസേന ഒഴികെയുള്ള യൂനിഫോംഡ് സർവിസിലെ ഗസറ്റഡ് ഒാഫിസർമാരുടെ പരിധിയിൽ ട്രാൻസ്പോർട്ട് വകുപ്പിലെ ഗസറ്റഡ് ഒാഫിസർമാർ ഉൾപ്പെടില്ലെന്ന് ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.
കേരള മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 406ൽ നിഷ്കർഷിച്ച വിധത്തിലാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യൂനിഫോമെന്ന് ഗതാഗത സെക്രട്ടറിയും ഗതാഗത കമീഷണറും ഉറപ്പുവരുത്തണം. പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കണം. ചട്ടപ്രകാരം അനുവദിച്ചിട്ടില്ലാത്ത യൂനിഫോമാണ് മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ ധരിക്കുന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം. വിശദീകരണത്തിന് സർക്കാർ രണ്ടുമാസം സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും നവംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.