കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേരള യൂനിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ അറസ്റ്റ് വാറണ്ടും പ്രോസിക്യൂഷൻ നടപടികളും ഹൈകോടതി റദ്ദാക്കി. അഞ്ച് ലക്ഷം രൂപ പിഴയും ഒഴിവാക്കി. ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വർക്കല നെടുങ്ങണ്ട എസ്.എൻ ട്രെയിനിങ് കോളജ് അസോ. പ്രഫസർ ഡോ. പ്രവീൺ നൽകിയ പരാതിയിലെ ഉത്തരവാണ് റദ്ദാക്കിയത്. സസ്പെൻഷനിലായിരുന്ന പ്രവീണിനെ എല്ലാ ആനുകൂല്യങ്ങളോടെയും മൂന്നു മാസത്തിനകം സർവീസിൽ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവിനെതിരെ കോളജ് മാനേജരായ വെള്ളാപ്പള്ളി നടേശൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് വി.എം. ശ്യാംകുമാർ പരിഗണിച്ചത്.
അച്ചടക്ക ലംഘനത്തിന് പ്രവീണിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ ചാർജ് മെമോയും സസ്പെൻഷനും റദ്ദാക്കി തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരായ അപ്പീലിലായിരുന്നു വെള്ളാപ്പള്ളിക്കെതിരായ ഉത്തരവ്. അതേസമയം, തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവ് അസാധുവാണെന്ന് കോടതി വ്യക്തമാക്കി.
കേരള യൂനിവേഴ്സിറ്റി ആക്ടിലെ 60 (7) വകുപ്പ് പ്രകാരം ശിക്ഷ നടപടികളിലെ അന്തിമ ഉത്തരവിനെതിരെ മാത്രമേ അധ്യാപകന് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാവൂ. കോടതിയുടെ അധികാര പരിധിയില്ലാത്ത ട്രൈബ്യൂണലിന് നിശ്ചിത കാര്യങ്ങളിലേ ഇടപെടാനാകൂ എന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.