കൊച്ചി: മിശ്രവിവാഹംചെയ്ത യുവതികളെ തടവിലാക്കി പീഡിപ്പിക്കുന്ന സംഭവം ഏറെ ഗൗരവമുള്ളതെന്ന് ഹൈകോടതി. ഇത്തരം കേന്ദ്രങ്ങളുടെ പേരിൽ കേരളത്തിലും ഗുര്‍മീത് റാം റഹീം സിങ്ങുമാർ വേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. മിശ്രവിവാഹം കഴിച്ചതിന് എറണാകുളം ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗകേന്ദ്രത്തിെൻറ തടവിൽ ശാരീരികവും മാനസികവുമായ പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോർപസ് ഹരജിയുടെ ഭാഗമായി യുവതി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്. തുടർന്ന് യോഗകേന്ദ്രത്തെ കക്ഷിചേർക്കാൻ കോടതി നിർദേശിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതലൊന്നും ആവശ്യമില്ലെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞെങ്കിലും വിയോജിപ്പ് കോടതി തള്ളി. ഇവരെ കക്ഷിചേർക്കാനുള്ള അേപക്ഷ നൽകാൻ ഹരജിക്കാരനോട് നിർദേശിച്ച കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
തൃശൂര്‍ സ്വദേശി റിേൻറാ ഐസക്കിനെ വിവാഹംകഴിച്ചതിന് മാതാപിതാക്കളും സഹോദരീഭർത്താവും ഹിന്ദു മതമൗലികവാദികളും ചേർന്ന് തന്നെ യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൽ (ശിവശക്തി യോഗ സെൻറർ) തടഞ്ഞുവെക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായ ഹിന്ദു യുവതിയാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഭാര്യയെ തടഞ്ഞുവെച്ചതായി ചൂണ്ടിക്കാട്ടി റിേൻറാ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് യുവതി തനിക്ക് നേരിടേണ്ടിവന്ന ദുരിതങ്ങൾ വിവരിച്ചിട്ടുള്ളത്. ജൂലൈ 31ന് യോഗ സെൻററിലെത്തിച്ചശേഷം 22 ദിവസം കഠിന പീഡനം നേരിടേണ്ടിവന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു.
ക്രിസ്ത്യാനിയെ വിവാഹം കഴിച്ചാലുണ്ടാവുന്ന ദൂഷ്യഫലങ്ങള്‍ പറഞ്ഞ് ഹൈകോടതി അഭിഭാഷകനെന്ന് അവകാശപ്പെടുന്ന ശ്രീജേഷ്, ഗുരുജി എന്നവകാശപ്പെടുന്ന മനോജ്, കൗണ്‍സിലര്‍മാരായ സ്മിത, സുജിത്ത്, ലക്ഷ്മി എന്നിവര്‍ ഉപദ്രവിച്ചു. എതിർത്തപ്പോൾ നിരന്തരം ശാരീരികമായി ആക്രമിച്ചു. ക്രിസ്ത്യന്‍-, ഇസ്ലാം വിശ്വാസങ്ങളിലെ പൈശാചിക ആത്മാക്കളെ കുറിച്ച് അവര്‍ ക്ലാസെടുത്തു. റിേൻറായുടെ രഹസ്യമായി എടുത്ത ഫോട്ടോകള്‍ കാണിക്കുകയും അയാള്‍ നിരീക്ഷണത്തിലാണെന്നും അവനോടൊപ്പം പോകാൻ തീരുമാനിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മറ്റ് 65 യുവതികൾകൂടി ഇവരുടെ തടങ്കലിൽ ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. പറഞ്ഞത് അനുസരിക്കാമെന്ന് പറഞ്ഞപ്പോഴാണ് തന്നെ മോചിപ്പിച്ചത്. പിന്നീട് വീട്ടുകാർക്കൊപ്പം വിട്ടപ്പോൾ രക്ഷപ്പെട്ട് ഭർത്താവിനടുത്തെത്തുകയായിരുന്നു.
റിേൻറായുടെ കൂടെ താമസിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് രക്ഷിതാക്കളും ഗുരുജിയും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഡോക്ടറായ തനിക്ക് ജോലി ചെയ്യുകയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും വേണം. മൊബൈല്‍ഫോണ്‍ കൗണ്‍സലിങ് സെൻററിൽ പിടിച്ചുവെച്ചിരിക്കുകയാണ്. അവിടത്തെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിടണം. മതമൗലികവാദികളുടെ നിരീക്ഷണത്തിലുള്ള റിേൻറാക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്രിസ്ത്യാനിയായ താന്‍ മതംമാറി ഹിന്ദുവായ ശേഷമാണ് വിവാഹം കഴിച്ചതെന്നും ഹേബിയസ് കോര്‍പസ് ഹരജിയില്‍ റിേൻറാ പറയുന്നു.
ഉദയംപേരൂര്‍ െപാലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതിനാൽ മറ്റു നടപടികള്‍ ആവശ്യമില്ലെന്നുമായിരുന്നു സർക്കാറിെൻറ നിലപാട്. എന്നാൽ, ഇത്തരം സ്ഥാപനങ്ങളെ തുറന്നുകാേട്ടണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗങ്ങളും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞു. അങ്ങനെയെങ്കിൽ അതിനെല്ലാമെതിരെ അന്വേഷണം നടക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് ട്രസ്റ്റിനെ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.