കൊച്ചി: വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് രണ്ടുവർഷം തടവുശിക്ഷ പര്യാപ്തമാണോയെന്ന് പാർലമെന്റ് പരിശോധിക്കണമെന്ന് ഹൈകോടതി. വ്യാജ ആരോപണങ്ങൾ വിഷലിപ്തമാണ്. ഇത്തരം പരാതികൾക്ക് ഇരകളാകുന്നവരുടെ ജീവിതമാണ് ഇല്ലാതാകുന്നതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
ചാലക്കുടിയിൽ ബ്യൂട്ടിപാർലർ നടത്തുന്ന ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയായ തൃപ്പൂണിത്തുറ എരൂർ സ്വദേശി എം.എൻ. നാരായണദാസിന്റെ മുൻകൂർജാമ്യ ഹരജി തള്ളിയ ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ഹരജിക്കാരൻ ഏഴുദിവസത്തിനകം കീഴടങ്ങണമെന്നും അല്ലാത്തപക്ഷം പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും കോടതി പറഞ്ഞു.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. ഷീല 72 ദിവസം ജയിലിലായി. രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജയിൽ മോചിതയായത്. പിന്നീട് ഷീലക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി. ഷീല സണ്ണിയും മരുമകളും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഷീലയെ കുടുക്കാൻ നാരായണദാസിനെ ഉപയോഗിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.