ലഹരിപ്പാർട്ടി: പി.വി. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതിയിൽ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി

കൊച്ചി: ആലുവ എടത്തലയിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള ‘ജോയ് മാത്യു ക്ലബിൽ’ ലഹരിപ്പാർട്ടി നടത്തിയെന്ന കേസിൽനിന്ന് അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതിയിൽ നാലാഴ്ചക്കകം തീരുമാനമെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈകോടതി നിർദേശം. ഏത്​ സാഹചര്യത്തിലാണ് അൻവറിനെ ഒഴിവാക്കിയതെന്ന് പരിശോധിക്കണമെന്ന് ജസ്റ്റിസ് കെ. ബാബു നിർദേശിച്ചു.

2018 ഡിസംബർ എട്ടിന് രാത്രി ആലുവ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 6.5 ലിറ്റർ ബിയറും പിടിച്ചെടുത്തിട്ടും അൻവറിനെ ഒഴിവാക്കിയെന്ന് സാമൂഹിക പ്രവർത്തകൻ മലപ്പുറം ചേലേമ്പ്ര സ്വദേശി കെ.വി. ഷാജിയുടെ ഹരജിയിൽ പറയുന്നു. ലൈസൻസ് ഇല്ലാതെ മദ്യം സൂക്ഷിച്ച് സൽക്കാരം നടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ അഞ്ചുപേരെ പിടികൂടിയെങ്കിലും കുറ്റപത്രത്തിൽ അൻവറിന്‍റെ പേരുണ്ടായിരുന്നില്ല.

അബ്കാരിചട്ടം 64 എ പ്രകാരം ഗുരുതര കുറ്റമായിട്ടും ഉടമയെ ഒഴിവാക്കി കെട്ടിടം സൂക്ഷിപ്പുകാരനായ അലി അക്ബറിനെ സാക്ഷിയാക്കിയാണ് എക്‌സൈസ് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.

എടത്തലയിൽ നാവികസേനയുടെ ആയുധസംഭരണ ശാലക്ക്​ സമീപം അതിസുരക്ഷാമേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് കെട്ടിടം. ന്യൂഡൽഹിയിലെ കടാശ്വാസ കമീഷൻ 2006 സെപ്​റ്റംബർ 18ന് നടത്തിയ ലേലത്തിലാണ് അൻവർ എം.ഡിയായ പീവീസ് പ്രൈവറ്റ് ലിമിറ്റഡ് 99 വർഷത്തെ പാട്ടത്തിന് ഏഴുനില കെട്ടിടം ഉൾപ്പെടുന്ന 11.46 ഏക്കർ ഭൂമി സ്വന്തമാക്കിയത്. 

Tags:    
News Summary - Kerala High Court asks about PV Anwar dropped from drunken party case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.