മാസപ്പടി: ആരോപണത്തിൽ പ്രഥമദൃഷ്​ട്യാ കഴമ്പുണ്ടെങ്കിലേ പരാതി നിലനിൽക്കൂ​ -ഹൈകോടതി

കൊച്ചി: മാസപ്പടി ആരോപണത്തിൽ പ്രഥമദൃഷ്​ട്യാ കഴമ്പുണ്ടെങ്കിൽ മാത്രമേ പരാതി നിലനിൽക്കൂവെന്ന്​ ഹൈകോടതി. മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് ജസ്റ്റിസ്​ എൻ. നഗരേഷിന്‍റെ വാക്കാൽ നിരീക്ഷണം.

മുഖ്യമന്ത്രിയും മകളും യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സി.എം.ആർ.എൽ കമ്പനിയിൽനിന്ന്​ അനധികൃതമായി മാസപ്പടി കൈ​പ്പറ്റിയത്​ സംബന്ധിച്ച്​ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയാണ്​ വിജിലൻസ്​ കോടതി തള്ളിയത്​. ഹരജിക്കാരന്‍റെ വാദം പൂർത്തിയാക്കിയ കോടതി സർക്കാറിന്‍റെ എതിർവാദത്തിന്​ സെപ്റ്റംബർ 18ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.

സർക്കാറി​ന്‍റെ മുൻകൂർ അനുമതിയില്ലാത്തതിന്‍റെ പേരിൽ വിജിലൻസ്​ അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്നാണ്​ ഹരജിക്കാരന്‍റെ വാദം. സർക്കാർ അനുമതി തേടിയിട്ടുണ്ടോയെന്ന് ആരായാതെയും ഹരജിക്കാരന്‍റെ വാദം കേൾക്കാതെയുമാണ്​ വിജിലൻസ്​ ഉത്തരവ്​. ഈ സാഹചര്യത്തിൽ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ വിജിലൻസ്​ കോടതിക്ക്​ നിർദേശം നൽകണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. ഈ ഘട്ടത്തിലാണ്​ ആരോപണത്തിൽ കഴമ്പുണ്ടെങ്കിലേ പരാതി നിലനിൽക്കൂവെന്ന കോടതിയുടെ വാക്കാൽ നിരീക്ഷണം​.

Tags:    
News Summary - Kerala High Court about masappadi row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.