തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ഈവർഷത്തെ ബോണസ് നൽകുന്നതിനുള്ള സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചു. നാളിതുവരെയുള്ള ഭേദഗതികളുൾപ്പെടെ ബോണസ് വിതരണ നിയമപ്രകാരമായിരിക്കണം തുക നൽകേണ്ടത്. പ്രതിമാസം 21,000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് മാത്രമേ ബോണസിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. ശമ്പളം 21,000 രൂപയിൽ കൂടുതൽ ഉള്ളവർക്ക് പ്രത്യേക ഉത്സവബത്ത മാത്രമേ ലഭിക്കൂ. അടിസ്ഥാനശമ്പളത്തിെൻറ 8.33 ശതമാനമാണ് കുറഞ്ഞ ബോണസ്.
സംസ്ഥാന സർക്കാറിന് ഭൂരിഭാഗം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലാണ് ഈ നിരക്ക്. 2016-17 വർഷം ഉൾപ്പെടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏതെങ്കിലും വർഷം ഉൽപാദനം ആരംഭിച്ച പൊതുമേഖല സ്ഥാപനവും ബോണസ് നൽകണം. 2016-17 വർഷം ലാഭംനേടിയ പൊതുമേഖല സ്ഥാപനങ്ങൾ ബോണസ് വിതരണ നിയമപ്രകാരമുള്ള ബോണസ് നൽകണം.
ബോണസ് 20 ശതമാനത്തിൽ കൂടുകയാണെങ്കിൽ സർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങണം. നിരന്തരം നഷട്ത്തിലാകുകയും സംസ്ഥാന സർക്കാർ ഗ്രാൻറായോ ബജറ്റ് വിഹിതമായോ, മൂലധന സഹായമായോ 2016-17 വർഷം ലാഭംനേടുകയും ചെയ്യുകയോ 2017 മാർച്ച് 31-ന് കമ്പനിയുടെ ആകെനേട്ടം കുറവാണെങ്കിലോ ബോണസ് 8.33 ശതമാനം പരിധിയിൽ നിർത്തണം. 2016-17 വർഷം നഷ്ടത്തിൽ പ്രവർത്തിച്ച സ്ഥാപനം ബോണസ് വിതരണം നിയമം പ്രകാരമുള്ള 8.33 ശതമാനം ബോണസിൽ അധികം നൽകേണ്ടതില്ല.
കയർ, കശുവണ്ടി മേഖലയിലെ ജീവനക്കാർക്ക് അതത് വ്യവസായ ബന്ധസമിതിയുടെ തീരുമാനമനുസരിച്ചായിരിക്കണം ബോണസ് നൽകേണ്ടത്. ബോണസ് മാർഗരേഖയിലെ വ്യവസ്ഥകളിലെ ലംഘനത്തിന് സ്ഥാപനമേധാവിയും സ്ഥാപനത്തിലെ ധനകാര്യവിഭാഗം മേധാവിയും ഉത്തരവാദികളായിരിക്കും. മാർഗരേഖയിൽനിന്ന് വ്യതിചലിക്കുകയാണെങ്കിൽ അതിന് ഡയറക്ടർ ബോർഡിെൻറ അനുമതിയോടെ ഓണത്തിന് 15 ദിവസം മുമ്പെങ്കിലും പ്രപ്പോസൽ സർക്കാറിന് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.