ആലപ്പുഴ: ‘‘ചുറ്റുവട്ടത്തുള്ള പള്ളിക്കൂടങ്ങളിലെ കുഞ്ഞുങ്ങളൊെക്ക സ്കൂളിൽ പോയിത്തുടങ്ങി. ഞങ്ങടെ മക്കൾ ഇപ്പോഴും ഇൗ ക്യാമ്പിൽ ഇങ്ങനെ കഴിയുന്നു. എന്ന് വീട്ടിൽ പേകാൻ കഴിയും എന്നുപോലും അറിയില്ല. നാളെ ക്യാമ്പ് നിർബന്ധമായും പിരിച്ചുവിടുമെന്ന് കേൾക്കുന്നു. ഞങ്ങടെ നെഞ്ചിൽ തീയാണ്. പോളയും ചളിയും നിറഞ്ഞ് വീട്ടിലേക്കുള്ള വഴിസഹിതം നാറ്റമാണ്. ഇവിടെയൊന്നും വീട് വൃത്തിയാക്കാൻ ആരും വന്നില്ല’’ -ഹരിപ്പാട് പള്ളിപ്പാട് എൻ.ടി.പി.സി പമ്പ്ഹൗസ് ദുരിതാശ്വാസ ക്യാമ്പിലെ 65കാരി സരോജിനി വിതുമ്പി.
പള്ളിപ്പാട് പഞ്ചായത്ത് നാലാം വാർഡിൽ പഴയചാലിൽവീട്ടിൽ സരോജിനിയുടെ വീട് മുഴുവൻ െവള്ളത്തിൽ മുങ്ങിയിരുന്നു. ഇപ്പോഴും െവള്ളം ഇറങ്ങിയിട്ടില്ല. ഇനി എന്ന് ഇറങ്ങുമെന്ന് അറിയില്ല. സരോജിനിയും അഞ്ചംഗ കുടുംബവും ക്യാമ്പിലാണ്. പഞ്ചായത്തിൽ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് നാലുകെട്ടുംകവല കോളനിവാസികളാണ്. അച്ചൻകോവിൽ ആറിന് തീരത്തെ ഇൗ ദലിത് കോളനിയിൽ 38 കുടുംബങ്ങളാണുള്ളത്. മുഴുവൻ വീടും വെള്ളത്തിൽ മുങ്ങിപ്പോയി. കുട്ടികളുടെ പുസ്തകങ്ങളും ബാഗും വീട്ടുപകരണങ്ങളുമൊക്കെ നശിച്ചു. പോളശല്യമാണ് പ്രദേശത്തെ പ്രധാന വെല്ലുവിളി. വെള്ളത്തിനൊപ്പം വീട്ടിൽ കയറിയ പായൽക്കൂട്ടം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണെന്ന് പ്ലാപ്പുറത്ത് വീട്ടിൽ ഷൈനി പറയുന്നു. ക്യാമ്പിൽ 139 കുടുംബങ്ങളിലെ 460 പേരാണ് താമസിക്കുന്നത്.
ഏഴു ദിവസം പ്രായമായ കുഞ്ഞുവരെ ക്യാമ്പിലുണ്ടായിരുന്നു. വീട്ടിൽനിന്ന് വെള്ളം ഇറങ്ങാൻ താമസിക്കുമെന്ന് മനസ്സിലാക്കി അമ്മയെയും കുഞ്ഞിനെയും ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പത്തുമാസം പ്രായമുള്ള ഭദ്ര മുതൽ 80കാരി വരെ ക്യാമ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.