കേരള കോണ്‍ഗ്രസിലെ നിയുക്ത എം.എല്‍.എമാർ ചെയര്‍മാന്‍ പി.ജെ. ജോസഫിനോടൊപ്പം പുറപ്പുഴയിലെ വസതിയില്‍
തൊടുപുഴ: തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയ മികച്ച നേട്ടത്തിന് പിന്നാലെ രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാനൊരുങ്ങി കേരള കോണ്‍ഗ്രസ്. തിങ്കളാഴ്ച രാത്രി പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്‍റെ പുറപ്പുഴയിലെ വസതിയിൽ ഏഴ് നിയുക്ത എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തൊടുപുഴയിലേക്ക് ഇവരെ ജോസഫ് അടിയന്തരമായി വിളിച്ചുവരുത്തുകയായിരുന്നു.
മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, ഷിബു തെക്കുംപുറം, വിനു ജോബ്, വര്‍ഗീസ് മാമന്‍, റെജി ചെറിയാന്‍ എന്നിവര്‍ക്ക് പുറമെ അപു ജോണ്‍ ജോസഫും യോഗത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന നേതാവ് അഡ്വ. മോന്‍സ് ജോസഫിനെ നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി ഇരിങ്ങാലക്കുടയില്‍നിന്ന് വിജയിച്ച തോമസ് ഉണ്ണിയാടനെയും പാര്‍ട്ടി വിപ്പായി തൊടുപുഴയില്‍നിന്ന് വിജയിച്ച അപു ജോണ്‍ ജോസഫിനെയും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് കാഞ്ഞങ്ങാടൊഴികെ ഏഴിടത്തും മികച്ച നേട്ടം സ്വന്തമാക്കി. 2021ൽ 10 സീറ്റിൽ മത്സരിച്ചെങ്കിലും ഇത്തവണ ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ അതൃപ്തി ഉടലെടുത്തപ്പോൾ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് ഉറപ്പ് നൽകിയതായി പി.ജെ. ജോസഫ് പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു. ചര്‍ച്ചകളില്‍ ഇക്കാര്യമടക്കം ഉയർത്തിക്കാട്ടും.
പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകുമെന്നാണ് പ്രതീക്ഷിയെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.