പിണറായി വിജയൻ

കേരള ജനത ഒപ്പമുണ്ടെന്ന് അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി അതിജീവിത. നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനു ശേഷമായിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പമുണ്ടെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അതിജീവിതക്ക് ഉറപ്പുനൽകി. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്നും വ്യക്തമാക്കി. പ്രതിയായ മാർട്ടിന്റെ വിഡിയോക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ നടിയെ ആ​ക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ശ്രമങ്ങൾ പ്രോസിക്യൂഷൻ തുടങ്ങിയിട്ടുണ്ട്. എട്ടാംപ്രതി ദിലീപിനെയടക്കമുള്ളവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീൽ നൽകുക.

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികളെയും 20 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. പ്രതികള്‍ ഗൂഢാലോചനയുടെ തുടര്‍ച്ചയായി കൂട്ടായാണ് കുറ്റകൃത്യം ആസൂത്രണംചെയ്ത് നടപ്പാക്കിയതെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ എറണാകുളം വേങ്ങൂര്‍ വെസ്റ്റ് എളമ്പകപ്പിള്ളി നെടുവിലെക്കുടി വീട്ടില്‍ സുനില്‍ എന്‍.എസ്. എന്ന പള്‍സര്‍ സുനി (37), തൃശൂര്‍ കൊരട്ടി തിരുമുടിക്കുന്ന് പുതുശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (33), എറണാകുളം തമ്മനം എ.കെ.ജി നഗര്‍ മണപ്പാട്ടിപ്പറമ്പില്‍ വീട്ടില്‍ ബി. മണികണ്ഠന്‍ (36), കണ്ണൂര്‍ തലശ്ശേരി പൊന്ന്യം ചുണ്ടകപൊയ്യില്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. വിജീഷ് (38), എറണാകുളം ഇടപ്പള്ളി കുന്നുംപുറം പളിക്കപ്പറമ്പില്‍ വീട്ടില്‍ എച്ച്. സലിം എന്ന വടിവാള്‍ സലിം (29), പത്തനംതിട്ട തിരുവല്ല ചാത്തന്‍കിരി പഴയനിലത്തില്‍ വീട്ടില്‍ പ്രദീപ് (31) എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രതികള്‍ക്ക് 20 വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാവും. തടവുശിക്ഷക്ക് പുറമെ ഒന്നാംപ്രതി 3,25,000 രൂപയും രണ്ടാംപ്രതി 1,50,000 രൂപയും മൂന്ന് മുതല്‍ ആറ് വരെ പ്രതികള്‍ 1,25,000 രൂപ വീതവും പിഴ അടക്കാനും നിര്‍ദേശമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അധികതടവ് അനുഭവിക്കണം. പിഴയില്‍നിന്ന് അതിജീവിതക്ക് അഞ്ചുലക്ഷം രൂപ നൽകണം. തൊണ്ടിമുതലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെനല്‍കാനും ഉത്തരവിട്ടു.

Tags:    
News Summary - Kerala CM assures survivors that the people of Kerala are with them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.