കൽപറ്റ: ഭയങ്കര അപമാനകരമായ ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുൻ റവന്യൂ മന്ത്രിയും സി.പി.ഐ നേതാവുമായ കെ. രാജൻ. വോട്ട് ചെയ്ത ജനങ്ങളെ മാത്രമാണ് ഇനി ഡൽഹിക്ക് വിളിപ്പിക്കാൻ ബാക്കിയുള്ളതെന്നും ബാക്കി എല്ലാവരെയും ഏതാണ്ട് വിളിപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യത്തിന്റെ സൗന്ദര്യം ഓരോ ദിവസവും കൂടിക്കൂടി വരികയാണ് എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇങ്ങനെ കൂടിയാൽ ജനാധിപത്യ സൗന്ദര്യ മത്സരത്തിൽ കേരളം ഒരു മിസ് വേൾഡ് ആയിട്ട് തിരഞ്ഞെടുക്കപ്പെടും. ഇനിയും ഇതിന്റെ ഉയർച്ചയിലേക്ക് ഈ സൗന്ദര്യത്തെ കൊണ്ടുപോകരുത്.
യഥാർഥത്തിൽ കോൺഗ്രസിന്റെ നായകൻ ആര് എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം കോൺഗ്രസിന് തന്നെയാണ്. ഞങ്ങൾ ആരും അതിൽ ഇടപെടുന്നില്ല. പക്ഷെ കോൺഗ്രസ് ഇടപെടേണ്ടേ? കോൺഗ്രസിന് എത്ര നേരം വേണമെങ്കിലും എടുത്ത് അവരുടെ സംസ്കാരം പോലെ ആളുകളെ തീരുമാനിക്കാം. ഞങ്ങൾക്ക് തർക്കമില്ല. പക്ഷേ ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത വിധത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോകുന്നു എന്നുള്ളത് പൊതുവേ കേരളത്തിൽ ആപത്കരമാണ്. കേരളത്തിൽ ഒരിക്കലും കേട്ടുപരിചയമില്ലാത്ത വിധത്തിൽ തലയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ മുതിരുന്ന വിധത്തിലുള്ള അപക്വവും അപഹാസ്യവും ആയ സമരങ്ങളിലേക്ക് ജനാധിപത്യത്തെ കൊണ്ടുപോകുന്ന രീതി കേരളത്തിൽ ഉണ്ടായത് തികച്ചും അപമാനകരമാണ്. പുതുതലമുറ എങ്ങനെയാണ് ഇനി ജനാധിപത്യത്തിൽ ആകൃഷ്ടരാവുക?
കേരളത്തിൽ പ്രതിസന്ധി വളരെ ബോധപൂർവ്വം ഉണ്ടാക്കുകയാണ്. സാധാരണ ഒരു മന്ത്രിസഭ രാജി സമർപ്പിച്ചാൽ ആ മന്ത്രിസഭയോട് കാവൽ മന്ത്രിസഭയായി തുടരാനാണ് ഗവർണർ ആവശ്യപ്പെടുക. വളരെ വിചിത്രമായി ഗവർണർ ഇത്തവണ ആവശ്യപ്പെട്ടത് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന്റെ രാജി പൂർണമായും സ്വീകരിച്ച് മുഖ്യമന്ത്രിയോട് മാത്രം കാവൽ മുഖ്യമന്ത്രിയായി തുടരാനാണ്. അപ്പോൾ ഇങ്ങനെ ഒരു പ്രതിസന്ധി കേരളത്തിന്റെ ഭരണരംഗത്ത് ഉണ്ടാകുന്നത്, പ്രത്യേകിച്ച് മൺസൂൺ ഒരുക്കങ്ങൾ ഉൾപ്പെടെ നടക്കുന്ന ഈ ഘട്ടത്തിൽ കേരളത്തിന് അത് ഗുണകരമാകില്ല. എത്രയും പെട്ടെന്ന് ഈ പ്രതിസന്ധി തീർക്കണം.
‘വോട്ട് ചെയ്ത ആളുകൾ ഞങ്ങളെ കുറിച്ച് ഓർത്ത് അപമാനിതരാകുന്നു’ എന്ന് ഏറ്റവും പ്രമുഖ ഘടകകക്ഷിക്ക് തന്നെ പറയേണ്ടിവന്ന ഗതികേടിലേക്ക് ഒരു കാലത്തും കേരളം പോയിട്ടില്ല. ഇതിനേക്കാൾ കൂടുതൽ സീറ്റ് കിട്ടിയിട്ടും ഇതിനേക്കാൾ കുറഞ്ഞ സീറ്റ് കിട്ടിയിട്ടും ഇതിനേക്കാൾ തലതൊട്ടപ്പന്മാരും ഉണ്ടായിട്ടും കേരളം അത്തരം ഒരവസ്ഥയിലേക്ക് പോയിട്ടില്ല. അപമാനകരം എന്നല്ലാതെ മറ്റൊരുവാക്ക് പ്രയോഗിക്കാനില്ല’ -കെ. രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.