പി. ഉബൈദുല്ല നിഷ്കളങ്കനാണ്. തന്റെ നിഷ്കളങ്കത മാലോകരോട് പറയുമ്പോൾ നിന്ദാസ്തുതിയെന്ന സംശയം ചിലർക്ക് വരാം. തന്റെ നിഷ്കളങ്കത അറിയാത്തവരോട് അത് പറഞ്ഞുകൊടുക്കുക തന്നെ വേണം. ബജറ്റ് പ്രസംഗം നടത്തവെ, ധനമന്ത്രി കെ.എൻ. ബാലഗോപാലും തന്നെപ്പോലെ നിഷ്കളങ്കനാണെന്ന് ഉബൈദുല്ലക്ക് തോന്നിയിരുന്നു. ഇടക്കിടക്ക് കൊട്ടാരക്കര, കൊല്ലം, ധർമ്മടം, കൂത്തുപറമ്പ്... എന്നൊക്കെ ആവർത്തിച്ചുകൊണ്ടേയിരുന്നപ്പോൾ. മലപ്പുറത്തിന്റെ ഒരു പ്രധാന പദ്ധതിയും ധനമന്ത്രി പറഞ്ഞില്ലത്രെ. നിഷ്കളങ്കത കൈവിടാതെ, ഉബൈദുല്ലയുടെ ചോദ്യം -മലപ്പുറം കേരളത്തിലല്ലേ?.
നിഷ്കളങ്കനാകുന്നതുപോലെ ധനമന്ത്രി നീതിമാനുമാകണമെന്ന് അൽപം കടുപ്പ നിലപാടായിരുന്നു റോജി എം. ജോണിന്. ഭരണപക്ഷത്തിന് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയുമാണെന്നുപറയാൻ ഭരണ-പ്രതിപക്ഷ മണ്ഡലങ്ങൾക്ക് ബജറ്റിലും തദ്ദേശ റോഡ് നവീകരണത്തിനും കിട്ടിയ തുകയുടെ കണക്കുകളാണ് റോജി അവലംബിച്ചത്. നിയമസഭക്ക് അഞ്ച് വാതിലുകളല്ലാതെ മറ്റ് വാതിലുകളില്ലല്ലോ.
ഞങ്ങൾ ഓട് പൊളിച്ച് വന്നവരല്ല.നികുതി പണത്തിന്റെ വിഹിതമാണ് ഞങ്ങൾ ചോദിക്കുന്നത്. ആരും കുടുംബത്തുനിന്ന് കൊണ്ടുവന്ന പണമല്ല -റോജി കടുപ്പിച്ചു. കുട്ടിക്ക് കൊടുത്ത മുത്തമല്ലാതെ വയനാടിനും കേരളത്തിനും ഒന്നും നൽകാൻ തയാറായില്ലെന്ന് സഭയിൽ ബജറ്റ് ചർച്ചക്ക് തുടക്കമിട്ട ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ നിശിതമായി വിമർശിച്ചു.
പിച്ചച്ചട്ടിയെടുക്കൂ എന്നാൽ, വല്ലതും തരാമെന്ന് പറയുന്ന കേന്ദ്രമന്ത്രിമാരെ ‘എന്റെ ആഹാരം വേണ്ടെന്ന് വെക്കാം. നഗ്നനാകാം. വെളിച്ചത്തിന്റെ ശത്രുവേ നിന്നോട് ഞാൻ സന്ധി ചെയ്യില്ല, അവസാന ശ്വാസം വരെ പോരാടും’ എന്ന ഫലസ്തീൻ കവിതയാണ് ജി.എസ്. ജയലാൽ ഓർമിപ്പിച്ചത്. കർഷകരുടെയും ന്യൂനപക്ഷങ്ങളുടെയും പട്ടിക വിഭാഗങ്ങളുടെയും ഉൾപ്പെടെ പദ്ധതി വെട്ടിച്ചുരുക്കുന്നത് വഴി ബി.ജെ.പിയെന്ന പോലെ തീവ്രവലതുപക്ഷ സർക്കാറാണെന്നായി റോജി എം. ജോൺ. റോജിയെ പോലെയുള്ളവർക്ക് സ്ഥലജലവിഭ്രാന്തി പിണഞ്ഞുവെന്ന് ഐ.ബി. സതീഷും.
ഇടതും വലതും തിരിച്ചറിയാൻ പറ്റാത്ത മാനസികനിലയുടെ തടവുകാരായി നിങ്ങൾ മാറി. മാർക്സിസമെന്ന ആശയം മുന്നോട്ടുവെക്കുന്ന കാഴ്പ്പാടുകൾ നടപ്പാക്കാനായി ഇച്ഛാശക്തിയുടെ പ്രകടനമാണ് ബജറ്റ്- സതീഷ് വാചാലനായി. കുടിശ്ശിക നിർമാർജന പദ്ധതി മാത്രമാണിതെന്നും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ആത്മഹത്യപ്രേരണ കുറിപ്പാണിതെന്നുമാണ് സജീവ് ജോസഫിന് തോന്നിയത്.
സർക്കാറിന്റെ ഫോക്കസ് എന്താണെന്നായി മാത്യൂ കുഴൽനാടൻ. ഇത്രനാൾ സഭയിലിരുന്നിട്ടും കുഴൽനാടന് ഫോക്കസ് പിടികിട്ടിയില്ലെന്നും ജനങ്ങളുടെ ജീവിതത്തിനാണ് ഫോക്കസെന്നും കെ.ഡി. പ്രസേനന്റെ മറുപടി. കോൺഗ്രസിന്റെ കുത്തിതിരുത്ത് കൃഷിക്ക് ഇവിടെ നിന്ന് പണം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. മഞ്ഞ കണ്ണട വെച്ച് നോക്കിയാൽ ഒന്നും മനസ്സിലാകില്ലെന്നായി പി. മമ്മിക്കുട്ടി.
ജനങ്ങളോട് കോടികളുടെ പദ്ധതി കിട്ടിയെന്ന് പറഞ്ഞിട്ട് സഭയിൽ വന്ന് ഒന്നിനും കൊള്ളാത്ത ബജറ്റെന്ന് പറയാൻ അൽപം ലജ്ജ വേണമെന്ന് യു. പ്രതിഭ. കടൽക്കൊള്ളയെന്നും 5000 കോടിയുടെ പദ്ധതിയിൽ 6000 കോടിയുടെ അഴിമതി എന്നൊക്കെ പറഞ്ഞവർക്ക് പത്താം വർഷം ബജറ്റിന്റെ കവർ അച്ചടിക്കാനുണ്ടായത് വിഴിഞ്ഞത്തിന്റെ ചിത്രം മാത്രമെന്ന് പ്രതിപക്ഷം പരിഹസിച്ചു.
സ്വന്തമായി ആവിഷ്കരിച്ച് നടപ്പാക്കിയ ഒരു പദ്ധതിയുടെ ചിത്രം പോലും കിട്ടിയില്ലേയെന്ന് ചോദ്യം. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകമെന്നായി തോട്ടത്തിൽ രവീന്ദ്രൻ. ഇടതുപക്ഷ നിർമാർജന പാക്കേജ് ജനങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് ആബിദ് ഹുസൈൻ തങ്ങൾ.
ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയിൽ മാസ്മരികമായ എന്തോ ശക്തിയുണ്ടെന്ന് തോമസ് കെ. തോമസിന് തോന്നി. അത് സ്വർഗത്തിന്റെ ദൈവം കൊടുത്തതാണെത്രെ. പുതിയ തൊഴിൽ ആവശ്യകതക്കനുസരിച്ച് പോളി-ഐ.ടി.ഐ കോഴ്സുകൾ മാറേണ്ട ആവശ്യകത എടുത്തുപറഞ്ഞ പി.ജെ. ജോസഫ് പട്ടയമെന്ന വാക്കുപോലും ബജറ്റിലില്ലെന്ന് വിമർശിച്ചു. ബജറ്റിലെ പൊതുചർച്ച ഇന്നും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.