തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നികുതിയേതര വരുമാന വര്‍ധനക്കുള്ള മാര്‍ഗങ്ങളിലാകും ബജറ്റ് ഊന്നൽ നൽകുക. തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുന്ന തിനാൽ ക്ഷേമപെൻഷൻ വർധനയും ശമ്പള കമീഷൻ പ്രഖ്യാപനവുമടക്കം ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. സമീപകാലത്തൊന്നും ഇത്ര വലിയ പ്രതിസന്ധിയുണ്ടായിട്ടില്ലാത്ത വിധത്തിലാണ് സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ്. സര്‍ക്കാറിന്റെ അഭിമാന പദ്ധതികൾ പോലും കിതപ്പിലാണ്. ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് പദ്ധതി വിനിയോഗം 43.34 ശതമാനം മാത്രമാണ്.
മൂന്ന് വര്‍ഷം കൊണ്ട് മുഴുവൻ പ്രവര്‍ത്തനസജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടാകും ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതകളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നൽകിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്കാരങ്ങൾക്കും സാധ്യതയുണ്ട്. പുതുതലമുറ വ്യവസായങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടാകും. പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം പണമെവിടെയെന്ന ചോദ്യവുമുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിൽ തുടങ്ങി പട്ടിക വിഭാഗങ്ങളുടെ പദ്ധതി വിഹിതത്തിൽ വരെ വെട്ടിക്കുറവ് വന്നതിൽ പ്രതിഷേധമുയരുമ്പോഴാണ് അടുത്ത ബജറ്റിനുള്ള തയാറെടുപ്പ്. പണമില്ലാത്തതിനാൽ വൻകിട പദ്ധതികൾക്കുള്ള വകയിരുത്തലുകളിൽ ഇത്തവണയും നിയന്ത്രണങ്ങളുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.