‘അത് അറിയില്ല, അത് ആര് ആർക്ക് കൊടുക്കും എന്ന് നമുക്ക് പറയാനാവില്ല, ’ -മങ്കടയിലെ എസ്.ഡി.പി.ഐ പിന്തുണയെ കുറിച്ച് സി.പി.എം സ്വതന്ത്രൻ

മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയിൽ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച എസ്.ഡി.പി.ഐ, എൽ.ഡി.എഫിനെ പിന്തുണക്കുമോ എന്ന് പറയാനാവില്ലെന്നും എന്നാൽ അവർ വോട്ട് തന്നാൽ സ്വീകരിക്കുമെന്നും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. നിലവിൽ എസ്.ഡി.പി.ഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. അവരുടെ വോട്ട് സ്വീകരിക്കും. ജനാധിപത്യത്തിൽ ആരെയും മാറ്റിനിർത്താൻ കഴിയില്ലെന്നും നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല എന്നും കുന്നത്ത് മുഹമ്മദ് പറഞ്ഞു.

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായി പത്രിക നൽകിയ സി.എച്ച്. അഷ്റഫിനെ പിൻവലിച്ചിരുന്നു. ഇതോടെ ഇവിടെ ആകെ സ്ഥാനാർഥികളുടെ എണ്ണം നാലായി കുറഞ്ഞു. യു.ഡി.എഫിനായി സിറ്റിങ് എം.എൽ.എ മഞ്ഞളാംകുഴി അലി, എൽ.ഡി.എഫ് സ്വതന്ത്രനായി മുസ്‍ലിം ലീഗിൽനിന്ന് പുറത്താക്കിയ കുന്നത്ത് മുഹമ്മദ്, എൻ.ഡി.എക്കായി ലിജോയ് പോൾ, ഒരു സ്വതന്ത്രൻ എന്നിവണ് മത്സരിക്കുന്നത്. ഇതിൽ എസ്.ഡി.പി.ഐ എൽ.ഡി.എഫിനെ പിന്തുണക്കുമെന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ‘അത് അറിയില്ല, അത് ആര് ആർക്ക് കൊടുക്കും എന്ന് നമുക്ക് പറയാനാവില്ല’ എന്ന് മുഹമ്മദ് പ്രതികരിച്ചത്.

‘വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് പോകുന്നത്. ജനങ്ങൾ നല്ല സ്വീകാര്യത നൽകുന്നുണ്ട്. എല്ലാവരുടെയും പിന്തുണയുണ്ട്. പിന്തുണ കാണുമ്പോൾ വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്. എസ്.ഡി.പി.ഐയോട് പിന്തുണ അഭ്യർഥിച്ചിട്ടൊന്നുമില്ല. വോട്ട് ആരുടെയും സ്വീകരിക്കും. ജനാധിപത്യ വിശ്വാസികളാണ്. വോട്ട് മാറ്റി നിർത്താനൊന്നും പറ്റില്ല. ഏത് ജനാധിപത്യ വിശ്വാസികളോടെ വോട്ട് സ്വീകരിക്കാം. നല്ല വോട്ട് ചീത്ത വോട്ട് എന്ന് മാറ്റിവെക്കുന്ന സമ്പ്രദായം ജനാധിപത്യത്തിൽ ഇതുവരെ ആരും കണ്ടിട്ടില്ല’ -അദ്ദേഹം പറഞ്ഞു.

മങ്കടയിലെ എസ്‍.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. മങ്കട ഇത്തവണ ജയിക്കും, നല്ല സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തി എൽ.ഡി.എഫിനെ കുരുക്കിയിടാനാണ് ശ്രമം. അത് ജനങ്ങൾ വിശ്വസിക്കില്ല. രമേശ് ചെന്നിത്തല നുണ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മങ്കടയിൽ എസ്‍.ഡി.പി.ഐയുടെ പിന്തുണയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് 'നിങ്ങളുടെ വിഷമം മനസിലാകുന്നുണ്ട്, നിങ്ങൾ ആ വിഷയം കൊണ്ട് നടക്കൂ' എന്നായിരുന്നു മറുപടി.

മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ എട്ട് മണ്ഡലങ്ങളിൽ മത്സരിക്കാനാണ് എസ്.ഡി.പി.ഐ തീരുമാനിച്ചിരുന്നത്. എന്നാൽ, നിലവില സ്ഥാനാർഥികളുടെ എണ്ണം ഏഴിൽ ഒതുങ്ങി. കോട്ടക്കൽ, തവനൂർ, കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, പൊന്നാനി, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് മലപ്പുറം ജില്ലയിൽ എസ്.ഡി.പി.ഐ മത്സരിക്കുക. ഒമ്പത് മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐക്ക് സ്ഥാനാർഥികളില്ല. വേങ്ങരയിൽ സി.പി.എം സ്വതന്ത്രൻ സബാഹിനാണ് എസ്.ഡി.പി.ഐയുടെ പിന്തുണ.

Tags:    
News Summary - kerala assembly election 2026: sdpi mankada kunnath muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.