പോരാട്ടം ബി.ജെ.പി, എൽ.ഡിഎഫ് കൂട്ടുകെട്ടിനെതിരെയെന്ന് രാഹുൽ ഗാന്ധി; പിണറായിയുടെ ‘വീട്ടിൽ പോയി ചോദിക്ക്’ പരാമർശത്തിനെതിരെയും ഒളിയമ്പ്

കോഴിക്കോട്: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് കൂട്ടർ തമ്മിലാണ് പോരാട്ടമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയും എൽ.ഡിഎഫും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് ഐക്യ ജനാധിപത്യ മുന്നണി പോരാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ ‘വീട്ടിൽ പോയി ചോദിക്ക്’ പരാമർശത്തിനെതിരെയും അ​ദ്ദേഹം ഒളിയമ്പെയ്തു. ‘കേരളത്തിലെ ജനങ്ങൾക്ക് ഭരണകൂടത്തോട് ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ടെന്ന് പോലും അവർ വിസ്മരിക്കുന്നു’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

‘യഥാർത്ഥത്തിൽ രണ്ട് പേർ തമ്മിലാണ് മത്സരിക്കുന്നത്. ഒന്ന് ഐക്യ ജനാധിപത്യ മുന്നണി. മറ്റേത് ബി.ജെ.പിയും എൽ.ഡിഎഫും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടുമാണ്. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നരേന്ദ്ര മോദിയും 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേരളത്തിലെ മുഖ്യ മന്ത്രിയും പറയുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഭരണകൂടത്തോട് ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ടെന്ന് പോലും അവർ വിസ്മരിക്കുന്നു.

എന്റെ പേരിൽ 40 കള്ളക്കേസുകളുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി കേസുകൾ എവിടെയും എത്താത്തത് എന്ത് കൊണ്ടാണ്. ബി.ജെ.പിയും എൽ.ഡി.എഫും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകി. എന്നാൽ, കേരളത്തിലെ ഈ ഗവൺമെന്റിന്റെ കീഴിൽ ആകെ നടക്കുന്നത് പിൻവാതിൽ നിയമനങ്ങൾ മാത്രമാണ്. പി.എസ്.എസി റാങ്ക് വാങ്ങിയിട്ടും നിങ്ങളുടെ ജോലികൾ പാർട്ടിക്കാർ കവർന്നെടുക്കുകയാണ്. ശബരിമലയെ പോലും വെറുതെ വിടാത്തവരാണ് ഭരണം നടത്തുന്നത്. ദൈവത്തെ ബഹുമാനിക്കാത്തവർ എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കുക? -അദ്ദേഹം ചോദിച്ചു.

പരിപാടിയിൽ രാഹുൽ ഗാന്ധി നേരിട്ട് പ​ങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ യാത്ര ഉപേക്ഷിച്ച് ഓൺലൈനായി പങ്കെടുത്തത്. നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

‘ഇന്നലെ എന്റെ അമ്മ ആശുപത്രിയിലാണ്. ഒരു മകനെന്ന നിലയിൽ ഞാനിവിടെ ഉണ്ടാവേണ്ടതുണ്ട്. സോഫയിൽ ആണ് ഞാൻ ഉറങ്ങിയത്. അമ്മയുടെ ആരോഗ്യ സ്ഥിതിയിൽ ഞാൻ സങ്കടത്തിലാണ്. എനിക്ക് ആകെയുള്ള ആകെ സമാധാനം, ആരോഗ്യ സ്ഥിതിയിൽ അമ്മക്കും ഞങ്ങൾക്കും കരുത്തായത് ഒരു മലയാളി നഴ്സായിരുന്നു.

ഇന്നലെ ഉറങ്ങാൻ കഴിഞ്ഞോ എന്ന് രാവിലെ ഞാൻ അവരോട് ചോദിച്ചു. ‘രാത്രി ഉറങ്ങാതെ ജോലി ചെയ്തു’ എന്ന് അവർ മറുപടി പറഞ്ഞു. ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ!. ഇതാണ് കേരളത്തിന്റെ ആത്മാവ്. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ മലയാളി വനിതകൾ ഐക്യം കോർത്തിണക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടം’ -രാഹുൽ ഗാന്ധി പറഞ്ഞു. 

Tags:    
News Summary - kerala assembly election 2026: rahul gandhi against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.