കോഴിക്കോട്ട് നടന്ന സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന്‍റെ ഭാഗമായി നടന്ന വാർത്തസമ്മളനത്തിൽ ജില്ല സെക്രട്ടറി എം. മെഹബൂബ് സംസാരിക്കുന്നു

അകന്നുപോയവരെ അടുപ്പിക്കാൻ സി.പി.എം: തീരദേശമേഖലയിൽ വർഗീയശക്തികൾ പിടിമുറുക്കുന്നുവെന്ന് വിലയിരുത്തൽ

കോഴിക്കോട്: പാർട്ടിയിൽ നിന്ന് അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങളുൾപടെയുള്ളവരെ തിരിച്ചു കൊണ്ടുവരാനും സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനും പദ്ധതികൾ ആവിഷ്‍കരിച്ച് സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി അവസാനിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ തിരിച്ചടികളെ ആഴത്തിൽ പരിശോധിച്ച് പാർട്ടിയുടെ സംഘാടനാപരവും രാഷ്ട്രീയവും പ്രത്യശാസ്ത്രപരവുമായ ദൗർബല്യങ്ങൾ പരിഹരിക്കാനാവശ്യമായ നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് രണ്ട് ദിവസം നീണ്ട ചർച്ചകളിൽ ഉണ്ടായതെന്ന് ജില്ല സെക്രട്ടറി എം. മെഹബൂബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ലിഫ്റ്റിൽ കയറി വേദിയിലേക്ക് പോകുന്നു

പാർട്ടി നേരിടുന്ന വെല്ലുവിളികളെയും ദൗർബല്യങ്ങളെയും സൂക്ഷ്മതലത്തിൽ പരിശോധിക്കാനും അവ പരിഹരിക്കാനുമാവശ്യമായ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നതുമായിരുന്നു പ്രതിനിധികളുടെ ചർച്ച. നവംബർ, ഡിസംബർ മാസങ്ങളിൽ ബ്രാഞ്ച് സെക്രട്ടറിമാർക്കും ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും തുടർന്ന് ജില്ലയിലെ മുഴുവൻ പാർട്ടി അംഗങ്ങൾക്കും പാർട്ടി ക്ലാസുകൾ നൽകും. വർഗീയ ശക്തികൾക്കെതിരായി എല്ലാ തലങ്ങളിലും മതനിരപേക്ഷ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാൻ പാർട്ടി മുൻകൈ എടുക്കും. ജില്ലയുടെ 72 കിലോമീറ്റർ നീണ്ടുകിടക്കുന്ന തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രത്യേകമായ ഇടപെടലുകൾ നടത്തും. തീരദേശമേഖലയിൽ വർഗീയ വിഭജനമുണ്ടാക്കാൻ ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയശക്തികൾ ശ്രമിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ പി. മോഹനൻ, എ. പ്രദീപ്കുമാർ, വി. വസീഫ് എന്നിവർ പങ്കെടുത്തു.

കാനത്തിൽ ജമീലക്ക് പകരം കെ. ജമീല; ഒമ്പത് ക്ഷണിതാക്കൾ

കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റിയിൽ കാനത്തിൽ ജമീലയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് താമരശ്ശേരിയിൽ നിന്നുള്ള കെ. ജമീലയെ ഉൾപെടുത്താൻ വിപുലീകൃത ജില്ലകമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയിൽ ഉൾപെട്ടിട്ടില്ലാത്ത നാല് ഏരിയ കമ്മിറ്റി സെക്രട്ടറിമാരുൾപ്പടെ ഒമ്പത് പേരെ ക്ഷണിതാക്കളായി ജില്ല കമ്മിറ്റിയിൽ ഉൾപെടുത്തും. കൊയിലാണ്ടി ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രൻമാസ്റ്റർ, ബാലുശ്ശേരി ഏരിയാ സെക്രട്ടറി ടി.കെ. സുമേഷ്, കക്കോടി ഏരിയാ സെക്രട്ടറി പി.കെ. ഇ. ചന്ദ്രൻ, ടൗൺ ഏരിയാ സെക്രട്ടറി എം. അജയൻ, ബാബു പറശ്ശേരി, ഇ. പ്രേംകുമാർ, യു. സുധർമ, കെ. അരുൺ, ടി.പി.കൃഷ്ണൻ എന്നിവരാണ് ക്ഷണിതാക്കൾ.

എയിംസ് പദ്ധതി അട്ടിമറിച്ചാൽ പ്രതിരോധിക്കും

കോഴിക്കോട്‌: എംയിസ്‌ ജില്ലയിലെ കിനാലൂരിൽ സ്ഥാപിക്കാനുള്ള എൽ.ഡി.എഫ് സർക്കാർ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കണമെന്ന്‌ സി.പി.എം വിപൂലികൃത ജില്ലകമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യവും മെഡിക്കൽ രംഗത്ത് പുതുതായി കടന്നുവന്ന കോർപറേറ്ററുകളുടെ സമ്മർദവും മുൻനിർത്തി എംയിസിനെ അട്ടിമറിക്കാനാണ്‌ യു.ഡി.എഫ് സർക്കാറിന്റെ നീക്കം.എൽ.ഡി. എഫ് സർക്കാറിന്റെ നിരന്തരമായ സമ്മർദത്തിന്റെ ഫലമായിട്ടാണ് കേന്ദ്ര ആരോഗ്യവകുപ്പ് കേരളത്തിന് എയിംസ് അനുവദിക്കാമെന്നും അതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും സംസ്ഥാനത്തെ അറിയിച്ചത്. ആരോഗ്യമേഖലയിൽ കേരളത്തിന്റെ സ്വപ്നപദ്ധതിയായ എയിംസ് ബി.ജെ.പി - യു.ഡി.എഫ് -കോർപറേറ്റ് കൂട്ടുകെട്ടിലൂടെ അട്ടിമറിക്കാനാണ് ശ്രമമെങ്കിൽ ബഹുജനങ്ങളെയാകെ അണിനിരത്തി പ്രതിരോധിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - CPM Seeks to Reconnect as Communal Forces Gain Ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.