എൽ.ഡി.എഫിന് പൊള്ളി; പ്രകടനപത്രികയിൽ തിരുത്ത്, ബഫർ സോൺ ഒഴിവാക്കി

തിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ കോർ സോണിന് ചുറ്റും ബഫർ സോണുണ്ടാക്കുമെന്നും അവിടെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രിക വാഗ്ദാനത്തിൽ തിരുത്ത്. സംരക്ഷിത വനമേഖലകൾ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച് മാനേജ് ചെയ്യുമെന്നും കോർ, ബഫർ സോണുകൾ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്നുമാണ് തിരുത്തിയത്.

ബഫർ സോണുകളിൽ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പാക്കുകയെന്നും തിരുത്തൽ വരുത്തിയുള്ള ഇടതുമുന്നണിയുടെ വാർത്താകുറിപ്പിൽ പറയുന്നു. വനസംരക്ഷണം പ്രതിപാദിക്കുന്ന ഭാഗം സംബന്ധിച്ച് മുന്നണിക്കകത്ത് വിമർശനം ഉയർന്നതോടെയാണ് മൂന്ന് ഖണ്ഡിക തിരുത്തിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷപൂർവം ഇറക്കിയ പ്രകടനപത്രികയിൽ വനസംരക്ഷണം പ്രതിപാദിക്കുന്ന 50ാം ഖണ്ഡികയിലായിരുന്നു കോർ സോണിന് ചുറ്റും ബഫർ സോണുണ്ടാക്കുകയും അവിടെ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നത്. ഇതിന് പുറമെ ഇക്കോ ടൂറിസം പ്രവർത്തനങ്ങളും മറ്റും കർശന നിയന്ത്രണത്തോടെ മൂന്നാമത്തെ സോണായ ഔട്ടർ സോണിലേ അനുവദിക്കൂ, മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ ‘മിഷൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പാക്കും’ എന്നിങ്ങനെയും പറഞ്ഞിരുന്നു. ഈ ഭാഗമാണ് തിരുത്തിയത്.

തെരഞ്ഞെടുപ്പിൽ കൈപൊള്ളുന്നത് ഒഴിവാക്കാൻ കൂടിയാണ് തിരുത്തൽ. വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നത് യു.ഡി.എഫ് പ്രചാരണ വിഷയമാക്കുമ്പോഴാണ് മലയോര മേഖലയിലെ ജനങ്ങളെ പരിഗണിക്കാതെ വനസംരക്ഷണം സംബന്ധിച്ച പ്രകടനപത്രിക ഭാഗം തയാറാക്കിയതെന്നായിരുന്നു വിമർശനം.

Tags:    
News Summary - Kerala Assembly election 2026 LDF manifesto buffer zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.