കെ.ഇ.ആര്‍ ഭേദഗതി: സര്‍ക്കാറും എയ്ഡഡ് മാനേജ്മെന്‍റുകളും തുറന്നപോരിലേക്ക്

തിരുവനന്തപുരം: കെ.ഇ.ആര്‍ ഭേദഗതിയില്‍ സര്‍ക്കാറും എയ്ഡഡ് മാനേജ്മെന്‍റുകളും തുറന്ന പോരിലേക്ക്. എയ്ഡഡ് സ്കൂള്‍ നിയമനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള  ഭേദഗതിവിജ്ഞാപനത്തിന് പിന്നാലെയാണ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റുകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നത്.
ഇതിന്‍െറ ആദ്യപടിയെന്നോണം സ്കൂളുകളിലേക്ക് എസ്.എസ്.എ അയച്ച കലാകായിക അധ്യാപകരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ മാനേജ്മെന്‍റുകള്‍ കൂട്ടത്തോടെ തിരിച്ചയച്ചു. 

മാനേജര്‍മാര്‍ക്ക് അറിയിപ്പ് പോലും നല്‍കാതെ  അധ്യാപകരെ അയച്ചത് തങ്ങളുടെ നിയമനാവകാശത്തിലുള്ള സര്‍ക്കാറിന്‍െറ കടന്നുകയറ്റമാണെന്നാണ് മാനേജ്മെന്‍റുകളുടെ നിലപാട്. എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ് കലാകായിക അധ്യാപകരെ നിയമിക്കുന്നത്. 18 പീരിയഡുണ്ടെങ്കില്‍ മാത്രമാണ് നിയമനം. പല സര്‍ക്കാര്‍ സ്കൂളുകളിലും ആവശ്യമായ പീരിയഡ് ഇല്ലാതെ വന്നതോടെയാണ് പരിസരത്തെ എയ്ഡഡ് സ്കൂളുകളെക്കൂടി ചേര്‍ത്ത് അധ്യാപകരെ നിയമിക്കുന്നത്. നിയമനഉത്തരവുമായി വരുന്നവരെ സ്കൂളുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ളെന്നാണ് മാനേജര്‍മാരുടെ തീരുമാനം. നിയമനാധികാരമുള്ള തങ്ങളെ അറിയിക്കാതെ നടത്തുന്ന നിയമനത്തിലൂടെ  ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ളെന്നും ഈ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനമെന്നും മാനേജര്‍മാര്‍ പറയുന്നു.

വിദ്യാഭ്യാസ ചട്ട ഭേദഗതിയോടെ 1979 ന് ശേഷം നിലവില്‍വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ എല്ലാ ഒഴിവുകളിലേക്കുമുള്ള   നിയമനം അധ്യാപകബാങ്കില്‍ നിന്ന് സര്‍ക്കാര്‍ നടത്തും. 1979 ന് മുമ്പുള്ള സ്കൂളുകളില്‍ വരുന്ന രണ്ട് അധിക തസ്തികകളില്‍ ആദ്യത്തേതിലേക്കും നിയമനം അധ്യാപകബാങ്കില്‍ നിന്നാവും. നിയമനാധികാരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന ഭേദഗതിക്കെതിരെ  നിയമനടപടി സ്വീകരിക്കാന്‍ ന്യൂനപക്ഷ മാനേജ്മെന്‍റുകള്‍ തീരുമാനിച്ചിട്ടുണ്ട്. എന്‍.എസ്.എസും എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസം ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലും യോഗം ചേര്‍ന്ന് തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. വിവിധ മാനേജ്മെന്‍റുകള്‍ സര്‍ക്കാര്‍നടപടിക്കെതിരെ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്. കേസ് ഈമാസം 30ന് കോടതിയുടെ പരിഗണനക്ക് വരും. അതേസമയം, അധ്യയനവര്‍ഷം പൂര്‍ത്തിയാകാന്‍ ഒന്നരമാസം മാത്രം ശേഷിക്കെയുള്ള കലാകായിക അധ്യാപക നിയമനം വഴിപാടാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. യോഗ്യരായ ഒട്ടേറെപ്പേരെ തഴഞ്ഞ് തയാറാക്കിയ പട്ടികക്കെതിരെ മിക്കയിടത്തും കേസുകളും നിലവിലുണ്ട്. ചില ജില്ലകളില്‍ നിയമനം കോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്.

Tags:    
News Summary - ker amenment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.