ചരിത്രവിജയത്തിന് പിന്നാലെ കെ.സി. വേണുഗോപാൽ ഡൽഹിയിൽ, ഉജ്ജ്വല സ്വീകരണം; മുഖ്യമന്ത്രി ചർച്ചകൾ സജീവം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ചരിത്രവിജയത്തിന് പിന്നാലെ ഡൽഹിയിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. മുഖ്യമന്ത്രിയാരെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് വേണുഗോപാൽ ഡൽഹിയിലെത്തിയത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് വിട്ടുനിന്ന യുവനേതാക്കളെ അനുനയിപ്പിച്ച് അവർക്ക് ആവശ്യമായ പിന്തുണയും ആശ്വാസവും നൽകി കൂടെ നിർത്തുന്നതിലും വേണുഗോപാൽ നിർണായക പങ്കുവഹിച്ചിരുന്നു. ദേശീയ നേതാക്കളെ വൻതോതിൽ കേരളത്തിലെത്തിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും മണ്ഡലങ്ങളിൽ നേരിട്ട് ഇടപെടലുകൾ നടത്തിയതും വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പാർട്ടി ആരംഭിച്ചതായി  കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സി.പി.എം വർഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണെന്നും എൽ.ഡി.എഫിനൊപ്പം ചേർന്ന് വെള്ളാപ്പള്ളി നടേശനും അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാന്‍റ് ഊർജിതമാക്കി. ഇതിനായി പ്രത്യേക നിരീക്ഷകരെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അടക്കമുള്ള പ്രമുഖരുടെ പേരുകളാണ് നിരീക്ഷക പട്ടികയിൽ സജീവമായുള്ളത്. നിയുക്ത എം.എൽ.എമാരുടെ അഭ്രിപായം അറിയുന്നതിനും സമവായ ചർച്ചകൾക്കുമായാണ് ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുക.

കേരളത്തിലെത്തുന്ന നിരീക്ഷകർ എം.പിമാർ, മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ, മുൻ കെ.പി.സി.സി അധ്യക്ഷർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തും. ഇതിനുപുറമെ, എം.എൽ.എമാരെ വ്യക്തിപരമായി കണ്ട് അവരുടെ അഭിപ്രായങ്ങൾ സ്വീകരിത്തും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ നിലപാടിനായിരിക്കും മുൻതൂക്കം. ഈ ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കുന്നതോടെ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ചുമതല എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിട്ടുനൽകും.

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ ഫ്ലക്സ് ബോർഡ് യുദ്ധവും ആരംഭിച്ചിട്ടുണ്ട്. പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് കെ.സി. വേണുഗോപാലിനായി സ്ഥാപിച്ച ബോർഡിന് തൊട്ടടുത്തുതന്നെ വി.ഡി. സതീശന്റെ ബോർഡും പ്രത്യക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടാണ് കെ.സി. വേണുഗോപാലിന് വേണ്ടിയുള്ള ബോർഡുകൾ ഉയർന്നതെങ്കിൽ, രാത്രിയോടെ തന്നെ സതീശനെ പിന്തുണച്ചുകൊണ്ടുള്ള ബോർഡുകളും സ്ഥാപിക്കപ്പെട്ടു.

Tags:    
News Summary - K.C. Venugopal in Delhi after historic victory, grand welcome received; Chief Minister discussions intensify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.