അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കാവ്യയെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടി കാവ്യ മാധവനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ഗൂഢാലോചന നടത്തുമ്പോൾ കാവ്യ മാധവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംഭവത്തിൽ ദിലീപുമായി അടുപ്പമുള്ള കൂടുതൽ പേരെയും ചോദ്യം ചെയ്യും.

നേരത്തെ ദിലീപിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ കാവ്യയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. പൾസർ സുനിയും സംഘവും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് നേരത്തെ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.

വരും ദിവസങ്ങളിൽ ഓരോരുത്തരിൽ നിന്നായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് പുറമേ കൂറുമാറിയ സാക്ഷികളുടെ സ്വത്തുവിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിചാരണ വേളയിൽ ആരുടെയെങ്കിലും സമ്പത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.

ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേസിലെ പ്രതികളായ ദിലീപ്, അനൂപ്, സുരാജ് എന്നിവർ ഇവരുടെ ഫോണുകൾ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരുടെ മൊബൈൽ നമ്പറുകളുടെ ഐഎംഇഐ നമ്പർ ഒരേ ദിവസം മാറിയതായി ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് മൊബൈൽ ഫോണുകൾ ബുധനാഴ്ച ഒരു മണിക്ക് മുൻപ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്യലിനിടെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ മൊബൈൽ ഫോണുകൾ ഹാജരാക്കിയിട്ടില്ല.

ഹാജരാക്കാൻ സാവകാശം തേടി ദിലീപ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് സൂചന. ഫോണുകൾ ഹാജരാക്കാൻ ഉത്തരവിടണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് നാളെ ഹൈകോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടിൽ ഈ ആവശ്യവും ഉന്നയിക്കും. 

Tags:    
News Summary - Kavya will be questioned in the case of conspiracy to assassinate the investigating officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.