കവളപ്പാറ കോളനിക്കാര്‍ക്ക് ഉപ്പട ആനക്കല്ലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍
എടക്കര: സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരത്തുക ലഭ്യമായിട്ടും പുനരധിവാസം സാധ്യമാകാതെ ദുരന്തത്തിന്റെ മൂന്നാം വര്‍ഷവും കവളപ്പാറ കോളനിവാസികള്‍ ദുരിതാശ്വാസ ക്യാമ്പില്‍. 2019 ആഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ കവളപ്പാറ കോളനിയിലെ 32 കുടുംബങ്ങൾക്കാണ് സകലതും നഷ്ടപ്പെട്ടത്. ദുരന്തത്തിന് ശേഷം പോത്തുകല്‍ ടൗണിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുരിതം പേറിയാണ് ഇവര്‍ ജീവിക്കുന്നത്.
സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി സ്വീകരിക്കാന്‍ കോളനിക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് 12 ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നഷ്ടപരിഹാരമായി അനുവദിച്ചു. സ്വന്തം നിലക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കാന്‍ ആദിവാസികള്‍ തയാറാണെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഉപ്പട ആനക്കല്ലില്‍ ഭൂമി കണ്ടെത്തുകയും ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെ ഭൂമി വാങ്ങുകയും ചെയ്തു.
തുടര്‍ന്ന് നാല് മാസംകൊണ്ട് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന എഗ്രിമെന്റില്‍ ലേബര്‍ സൊസൈറ്റി നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തു. എന്നാല്‍, രണ്ടര വര്‍ഷത്തിലേറെയായിട്ടും കവളപ്പാറയിലെ ഒരു ആദിവാസിക്കും പുനരധിവാസം സാധ്യമായില്ല. 32 വീടുകളില്‍ ചിലതെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കുടിവെള്ളം, വൈദ്യുതി, റോഡ്, ശ്മശാനം, കമ്യൂണിറ്റി ഹാള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ പുതിയ സെറ്റില്‍മെന്റില്‍ ഒരുക്കിയിട്ടില്ല.
സര്‍ക്കാറില്‍നിന്നുള്ള പണം കിട്ടാത്തതാണ് വീട് പൂര്‍ത്തിയാക്കാന്‍ താമസിക്കുന്നതെന്നാണ് കരാറുകാര്‍ ആദിവാസികളെ അറിയിച്ചത്. സര്‍ക്കാര്‍ കവളപ്പാറയിലെ 32 ആദിവാസി കുടുംബങ്ങള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരത്തുക ഞെട്ടിക്കുളം ഗ്രാമീണ ബാങ്കിലേക്കാണ് എത്തിയത്.
പുനരധിവാസം സാധ്യമാകാത്തതില്‍ ആദിവാസികള്‍ ക്ഷുഭിതരാണ്. പോത്തുകല്‍ ടൗണില്‍ വൃത്തിഹീന ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുരിതംപേറി കഴിയുകയാണിവര്‍. 37,000 രൂപയാണ് പ്രതിമാസം സര്‍ക്കാര്‍ ക്യാമ്പിന് വാടക നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ പല കുടുംബങ്ങളും ഓഡിറ്റോറിയം ഒഴിഞ്ഞുപോയി. പലരും ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറി. 14 കുടുംബങ്ങളിലെ 35 പേര്‍ മാത്രമാണിപ്പോള്‍ ക്യാമ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.