പെരുമ്പാവൂര്‍: പെരിയാര്‍വാലി മെയിന്‍ കനാലില്‍ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ വിദ്യാർഥികൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. കോട്ടയം മണര്‍ക്കാട് ഒറ്റപാലക്കല്‍ വീട്ടില്‍ എമില്‍ സുനിൽ (21) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കൊല്ലം അഞ്ചാലുംമൂട് അജ്മല്‍ ഹൗസില്‍ ഹബീബിന്‍റെ മകന്‍ അജ്മല്‍ (21), നിലമ്പൂര്‍ ചുങ്കത്തറ കുറ്റിമുണ്ട പാലത്തൂരാന്‍ വീട്ടില്‍ കോയാകുട്ടിയുടെ മകന്‍ അജ്സല്‍ (22) എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചെറുകുന്നം ഹൈലെവല്‍ കനാലില്‍ തിരുവല്ലാഴപ്പന്‍ ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 11നായിരുന്നു അപകടം. അശമന്നൂര്‍ പഞ്ചായത്തിലെ പൂമല ഇന്ദിരഗാന്ധി മെമ്മോറിയല്‍ കോളജിലെ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളാണ് മൂവരും.
ചൊവ്വാഴ്ച ഹര്‍ത്താലായതിനാല്‍ കോളജിന് അവധിയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ ഉൾപ്പെടെ കോളജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന നാലു പേരാണ് കനാലില്‍ കുളിക്കാനെത്തിയത്.
ഇതില്‍ അജ്മല്‍ ആദ്യം വെള്ളത്തിലിറങ്ങി. നീന്തല്‍ വശമില്ലാത്ത അജ്മല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതോടെ അജ്സല്‍ രക്ഷപ്പെടുത്താന്‍ ചാടിയെങ്കിലും അപകടത്തില്‍പ്പെട്ടു. ഇരുവരെയും രക്ഷിക്കാനായി എമിലും ചാടിയതോടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന ഇവരുടെ മറ്റൊരു സുഹൃത്ത് ഗോകുല്‍ കൃഷ്ണന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അജ്മലും അജ്സലും ആശുപത്രിയിലെത്തും മുമ്പേ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.