കാസർകോട്: ഈ വര്‍ഷം ആഗസ്റ്റ് 11 മുതൽ 13 വരെ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന 'വേൾഡ് പീഡിയാട്രിക് കോൺഗ്രസിൽ' പ്രബന്ധം അവതരിപ്പിക്കാൻ കാസർകോട് സ്വദേശിക്ക് ക്ഷണം. മുഖ്യ പ്രഭാഷകനായി സംസാരിക്കാനാണ് കാസർകോട് സ്വദേശി ഡോ. ലഹൽ മുഹമ്മദ് അബ്ദുല്ലക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ സെയ്ജ് ഓപൺ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച 'രോഗി പരിചരണ പരിഷ്കരികരണം: ആശുപത്രിയിലെ മെഡിക്കൽ റെസിഡന്റുകളുടെയും ഇന്റേണുകളുടെയും കുറിപ്പടി രീതികൾ ഒരു ഓഡിറ്റിലൂടെ വിലയിരുത്തൽ' എന്ന ഗവേഷണ പ്രബന്ധമാണ് അവതരിപ്പിക്കേണ്ടത്.
മെഡിസിനിൽ പ്രാഥമിക ബിരുദം നേടിയ ഒരു യുവ ഡോക്ടർക്ക് ഒരു അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ മുഖ്യ പ്രഭാഷകനാകാൻ അവസരം ലഭിക്കുന്നത് വളരെ അപൂർവമാണ്. ഉപരിപഠനത്തിനായി യു.കെയിൽ പോകാൻ തയാറെടുക്കുന്നതിനിടെയാണ് ഡോക്ടർ ലഹലിനെ ഈ അവസരം തേടിയെത്തിയത്. ദുബൈയിൽ വ്യവസായിയായ പാലക്കുന്ന് കാപ്പിൽ സ്വദേശി ടി.വി. അബ്ദുല്ല-ജാസ്മിൻ ദമ്പതികളുടെ മകനാണ് ഡോ. ലഹൽ. ഉപരിപഠനത്തിനായി തയാറെടുക്കുന്ന ഡോ. ലമിയ മറിയം അബ്ദുല്ല, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പി.ജി അവസാനവർഷ ഡേറ്റാ സയൻസ് എൻജിനീയറിങ് വിദ്യാർഥി ലുത്തുഫ് അബ്ദുല്ല റാസല്‍ഖൈമ സെന്റ് മേരീസ് സ്കൂൾ വിദ്യാർഥികളായ ലിയാൻ അബ്ദുല്ല, ലെറോൺ അബ്ദുല്ല സഹോദരങ്ങളാണ്. വിമാന യാത്രക്കിടെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ സഹയാത്രക്കാരിക്ക് സമയോചിത ഇടപെടലിലൂടെ രക്ഷകനായിമാറിതു വഴി ലെഹൽ വൈറലായിരുന്നു. ചെന്നൈയിൽ നിന്നും എം.ബി.ബി.എസ് ബിരുദ പഠനം പൂർത്തിയാക്കി കുടുംബത്തെ കാണാന്‍ ദുബൈയിലേക്ക് പോകുന്ന ആദ്യ യാത്രയിലായിരുന്നു ആകാശത്തിലെ രക്ഷാ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.