ടോൾ പിരിവ് വഴിമാറി, നാളെ വരെ

കുമ്പള: ടോൾ പിരിവ് ആരംഭിച്ചാൽ ടോൾ ബൂത്തിലേക്ക് പ്രതിഷേധവുമായി വൻജനക്കൂട്ടം എത്താൻ സാധ്യതയുണ്ടെന്നറിഞ്ഞ അധികൃതർ ടോൾ ഈടാക്കാനുള്ള നീക്കത്തിൽനിന്ന് താൽക്കാലികമായി പിൻവാങ്ങി. കഴിഞ്ഞദിവസമാണ് രണ്ട് പ്രമുഖ പത്രങ്ങളിൽ ബുധനാഴ്ച ടോൾ ആരംഭിക്കുന്നതായി പരസ്യം വന്നത്. കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്ത അന്യായ ടോൾ പിരിവ് സംബന്ധിച്ച് ബി.ജെ.പി പുലർത്തുന്ന മൗനത്തിലും സംസ്ഥാന സർക്കാർ വിഷയത്തിൽ ജനവിരുദ്ധനയം സ്വീകരിക്കുന്നതിലും ജനരോഷം ശക്തമാണ്. തുടക്കത്തിൽ സമരത്തിന് നേതൃത്വം കൊടുത്ത രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ, ടോൾ ആരംഭിച്ചാൽ തന്റെ ദേഹത്ത് വെടിവെച്ചിട്ടേ ടോൾ പിരിക്കാൻ പറ്റൂ എന്ന വിഡിയോ സമൂഹമാധ്യമത്തിൽ ഇപ്പോഴും വൈറലാണ്.

സമരസമിതി ചെയർമാൻ എ.കെ.എം. അഷ്‌റഫ് എം.എൽ.എക്ക് മന്ത്രി മുഹമ്മദ് റിയാസ് നൽകിയ മറുപടിയിൽ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ കൃത്യമായി മറുപടി പറയാത്തതും സർക്കാറിന്റെ ഈ വിഷയത്തിലുള്ള നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാക്കുന്നു. ഹൈകോടതി പരിഗണനയിലുള്ള കേസിൽ 14ന് ഹിയറിങ് നടക്കുംവരെ ടോൾ പിരിക്കില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഹൈകോടതി തങ്ങൾക്കനുകൂലമായ വിധി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

ചൊവ്വാഴ്ച ടോൾപിരിവ് അറിയിപ്പുമായി മുന്നോട്ടുവന്ന ദേശീയപാത അധികൃതരുടെ നീക്കങ്ങൾക്കെതിരെയുള്ള സമരപരിപാടി ആലോചിക്കുന്നതിന് എ.കെ.എം. അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കുമ്പളയിൽ യോഗം ചേർന്നിരുന്നു. അഷ്റഫ് കർള, എ.കെ. ആരിഫ്, ലക്ഷ്മണപ്രഭു, ഫാറൂഖ് ഷിറിയ, ഖാലിദ് ബംബ്രാണ, സത്താർ ആരിക്കാടി, അബ്ദുൽലത്തീഫ് കുമ്പള, മുഹമ്മദലി എന്നിവർ സംസാരിച്ചു. ആരിക്കാടിയിലെ ടോൾപ്ലാസക്കെതിരെ കർമസമിതി ഹൈകോടതിയെ സമീപിക്കുകയും ജനങ്ങൾ ഒറ്റക്കെട്ടായി സമരം നടത്തുകയും ചെയ്യുമ്പോൾ ദേശീയപാത അതോറിറ്റി ടോൾപിരിവ് ആരംഭിക്കാൻ ശ്രമിച്ചത് ഏകപക്ഷീയവും ജനദ്രോഹപരവുമാണെന്ന് കർമസമിതി ചെയർമാൻ എ.കെ.എം. അഷ്റഫ് എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Toll collection postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.